കെവി തോമസിന് സിപിഎം അഭയം നല്‍കും; കോണ്‍ഗ്രസ് പുറത്താക്കിയാല്‍ വഴിയാധാരമാകില്ല; കോടിയേരി
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th April 2022 07:20 PM |
Last Updated: 26th April 2022 07:20 PM | A+A A- |

ഫയല്‍ ചിത്രം
കോഴിക്കോട്: കെവി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കിയാല്‍ സിപിഎം അഭയം നല്‍കുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെവി തോമസിനെ പുറത്താക്കിയാല്‍ അഭയം കിട്ടാന്‍ ഇടതുപക്ഷത്ത് യാതൊരു പ്രയാസവുമില്ല. കോണ്‍ഗ്രസ് പുറത്താക്കുന്നവര്‍ക്ക് സിപിഎം അഭയം നല്‍കുമെന്നും കോടിയേരി പറഞ്ഞു.
ബിജെപിയുടെ കൂടെ ചേര്‍ന്ന് കെ റെയില്‍ സമരം നടത്തുന്നവര്‍ക്ക് എതിരെ നടപടിയെടുക്കാത്ത കോണ്‍ഗ്രസാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കെവി തോമസിനെതിരെ നടപടി ശുപാര്‍ശ ചെയ്യുന്നത്. കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചാണ് കല്ല് പറിക്കാന്‍ പോകുന്നത്. കോണ്‍ഗ്രസിന് സിപിഎമ്മിനോടാണ് വിരോധം. ആര്‍എസ്എസ്സിനോടല്ലെന്നും കോടിയേരി പറഞ്ഞു.
ആര്‍എസ്എസ് ഉയര്‍ത്തുന്ന ഹിന്ദുത്വ മുദ്രാവാക്യത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ്. പലയിടത്തും കോണ്‍ഗ്രസുകാര്‍ ബിജെപിയാണ്. കേരളത്തിലും അതാകാനാണ് ശ്രമിക്കുന്നത്. 35 വര്‍ഷം വര്‍ഗ്ഗീയ കലാപങ്ങള്‍ ഇല്ലാത്ത പശ്ചിമ ബംഗാളില്‍ ഇന്ന് കലാപങ്ങള്‍ പതിവായി. ഇടതുപക്ഷം ഇല്ലാതായാല്‍ പല ശക്തികളും അഴിഞ്ഞാടും, കലാപമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
സിപിഎം പാര്‍ട്ടികോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെ പദവികളില്‍ നിന്ന് നീക്കാനും താക്കീത് നല്‍കാനും കോണ്‍ഗ്രസ് അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ അന്തിമ തീരുമാനം നാളെ വന്നേക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടക്കം മുന്നില്‍ കണ്ടാണ് കടുത്ത നടപടികള്‍ കോണ്‍ഗ്രസ് ഒഴിവാക്കിയത്.
ഈ വാർത്ത വായിക്കാം
സ്ഥലംമാറ്റം അന്വേഷണത്തെ ബാധിക്കില്ല; ഒരാള്‍ മാറിയതുകൊണ്ട് ഒന്നും സംഭവിക്കില്ല; പ്രതികള്‍ ഇത് മനസിലാക്കണം; എസ് ശ്രീജിത്ത്
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ