ശ്രീനിവാസൻ വധം; രണ്ട് പേർ കൂടി പിടിയിൽ; കടയിൽ കയറി വെട്ടിയ യുവാവ് കസ്റ്റഡിയിലെന്ന് സൂചന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th April 2022 06:47 AM  |  

Last Updated: 26th April 2022 06:47 AM  |   A+A-   |  

srinivasan

ശ്രീനിവാസന്‍

 

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധവുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി കസ്റ്റഡിയിൽ. ശ്രീനിവാസനെ കടയിൽ കയറി വെട്ടിയ യുവാവും വാഹനമോടിച്ച മറ്റൊരു വ്യക്തിയുമാണ് പിടിയിലായത്. ഇതോടെ കേസിൽ ഒൻപത് പേർ കസ്റ്റഡിയിലായി. 

മൂന്ന് ബൈക്കുകളിലായി എത്തിയ ആറ് പേരാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരാണ് കടയിൽ കയറി ശ്രീനിവാസനെ വെട്ടിയത്. ഈ മൂന്ന് പേരിൽ ഒരാളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത് എന്നാണ് സൂചനകൾ. 

കേസില്‍ രണ്ട് പേരെക്കൂടി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതി ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. മുണ്ടൂര്‍ ഒന്‍പതാംമൈല്‍ നായമ്പാടം സ്വദേശി അബ്ദുല്‍ ഖാദര്‍ (ഇക്ബാല്‍ 34), പാലക്കാട് ചടനാംകുറുശ്ശി സ്വദേശി ഫയാസ്34)എന്നിവരാണ് അറസ്റ്റിലായത്. 

കൊലയാളികള്‍ എത്തിയ ഇരുചക്രവാഹനങ്ങളില്‍ വെള്ള സ്‌കൂട്ടര്‍ ഓടിച്ചിരുന്നത് അബ്ദുല്‍ ഖാദര്‍ ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ സ്‌കൂട്ടര്‍ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. ഇനി രണ്ട് ബൈക്കുകൾ കൂടി കണ്ടെത്താനുണ്ട്. ഒരു കാർ ഇവർക്ക് അകമ്പടിയായി എത്തിയിരുന്നു എന്നും കണ്ടെത്തിയിരുന്നു. 

അതിനിടെ എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തി. പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. 

കഴിഞ്ഞദിവസം, പട്ടാമ്പിയിലെ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. വീടുകളിലും പാര്‍ട്ടി ഓഫീസുകളിലുമാണ് പരിശോധന നടത്തിയത്. 

ഈ വാർത്ത വായിക്കാം

കൊച്ചി നഗരത്തില്‍ കൊള്ളയടിക്കാന്‍ പറന്നെത്തി; മൂന്നു ദിവസത്തിനിടെ ആറിടത്ത് നടത്തിയത് വമ്പന്‍ കവര്‍ച്ച, ഉത്തരേന്ത്യന്‍ സംഘം പിടിയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ