മൂന്നു 'കടൽ സ്വർണ'വുമായി 'മനു' എത്തി, വിറ്റുപോയത് രണ്ടര ലക്ഷം രൂപയ്ക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th April 2022 07:52 AM  |  

Last Updated: 27th April 2022 08:40 AM  |   A+A-   |  

sea_gold_fish

ചിത്രം; ഫേയ്സ്ബുക്ക്

 

കൊല്ലം; മീൻ പിടിക്കാൻ പോയ മനു വള്ളം കഴിഞ്ഞ ദിവസം തീരം തൊട്ടത് മൂന്ന് കടൽ സ്വർണവുമായാണ്. 'മനു'വിന്റെ മുതലാളിയായ ശക്തികുളങ്ങര സ്വദേശി ലൂക്കായെ ലക്ഷപ്രഭു ആക്കാൻ ഇതു മതിയായാരുന്നു. പിടയ്ക്കണ മൂന്നു പടത്തിക്കോരയാണ് കൊല്ലം നീണ്ടകര തുറമുഖത്തെ വള്ളത്തിൽ കുടുങ്ങിയത്. രണ്ടര ലക്ഷം രൂപയ്ക്കാണ് ഈ സ്വർണ മത്സ്യങ്ങൾ വിറ്റുപോയത്. 

വലയിൽ കുടുങ്ങിയ മൂന്നുമീനിൽ രണ്ടും ആണായിരുന്നു. അതാണ് വിലകൂടിയത്. കടൽ വെള്ളത്തിൽ പൊങ്ങിക്കിടക്കാനും നീന്താനും സഹായിക്കുന്ന ഇതിന്റെ എയർ ബ്ലാഡറാണ് മോഹവിലയ്‌ക്ക് കാരണം. ഹൃദയശസ്ത്രക്രിയ ഉൾപ്പെടെ വലിയ ശസ്ത്രക്രിയയ്‌ക്ക് ആവശ്യമായ നൂല് നിർമ്മാണത്തിന് ഉപയോഗിക്കുന്നത് പട്ത്തിക്കോരയുടെ ബ്ലാഡറാണ്(പളുങ്ക്). 20 കിലോ ഭാരമുള്ള ആൺ മത്സ്യത്തിന്റെ ശരീരത്തിൽ 300 ഗ്രാം പളുങ്കുണ്ടാകും. ഒരു കിലോ പളുങ്കിന് മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ വിലയുണ്ട്. എന്നാലിതിന്റെ മാംസത്തിന് അധികം വിലയില്ല. 

ഗുജറാത്ത്, മഹാരാഷ്‌ട്ര, ഓഡീഷ തീരങ്ങളിലാണ് പട്ത്തിക്കോരയെ പ്രധാനമായും കാണാറുള്ളത്.  കേരളതീരത്ത് അപൂർവമാണ്. നീണ്ടകരയിൽ നിന്നും മൂന്ന് കിലോമീറ്ററുള്ളിൽ നിന്നാണ് മത്സ്യം ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആലപ്പാട്ടുനിന്ന് കിട്ടിയ ഒരു പടത്തിക്കോര ലേലത്തിൽപ്പോയത് 59,000 രൂപയ്ക്കായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

തൃശൂരിലെ സ്‌കൂള്‍ വരാന്തയിലെ മരണം; കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്; ഒരാള്‍ പിടിയില്‍ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ