തൃശൂരിലെ സ്‌കൂള്‍ വരാന്തയിലെ മരണം; കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്; ഒരാള്‍ പിടിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th April 2022 07:17 AM  |  

Last Updated: 27th April 2022 09:00 AM  |   A+A-   |  

Lightning loading worker dies

പ്രതീകാത്മക ചിത്രം

 

ഇരിങ്ങാലക്കുട:  സ്കൂൾ വരാന്തയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതികളിൽ ഒരാൾ അറസ്റ്റിലായി. എന്നാൽ പ്രധാന പ്രതി ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ആലത്തൂർ സ്വദേശി അൻവർ അലിയെയാണ് (25) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

ഈ മാസം 13ന് രാവിലെ ഗവ മോഡൽ ബോയ്സ് സ്കൂൾ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അജയകുമാറാണ് (50) കൊല്ലപ്പെട്ടത്. പല കേസുകളിൽ പ്രതിയാണ് അജയകുമാർ. വഴിയോരത്ത് ചെറിയ കച്ചവടം നടത്തി വരികയായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലെത്തി‌യതെന്നാണ് പൊലീസ് നി​ഗമനം.

 സ്‌കൂള്‍ വരാന്തയില്‍ രക്തം പതിഞ്ഞ കാല്‍പ്പാടുകള്‍

സ്കൂൾ വരാന്തയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. നഗരത്തിലെ വ്യാപാരികളോടും ടാക്സി ഡ്രൈവർമാർ അടക്കമുള്ളവരോട് അന്വേഷിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് മരിച്ചയാൾ അജയകുമാറെന്ന് തിരിച്ചറിഞ്ഞത്. സ്കൂളിന് പിറകിൽ നിന്ന് ഇയാളുടെ വസ്ത്രവും കണ്ണടയും കണ്ടെത്തിയിരുന്നു. 

ഹയർ സെക്കൻഡറി വിഭാഗം കെട്ടിടത്തിന്റെ വരാന്തയിൽ രക്തം പതിഞ്ഞ കാൽപ്പാടും ഉണ്ടായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കും കഴുത്തിലും വാരിയെല്ലുകൾക്കും പരുക്കേറ്റതായും വ്യക്തമായിരുന്നു. തുടർന്നാണ് കൊലപാതകമെന്ന നിഗമനത്തിലേക്കു പൊലീസ് എത്തിയത്. ‌

ഈ വാര്‍ത്ത കൂടി വായിക്കാം 

'സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാം'; നിരവധി തവണ ബലാത്സംഗം ചെയ്‌തെന്ന് യുവതി; വിജയ് ബാബുവിനെതിരെ കേസ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ