'വിവരങ്ങള്‍ ചോരരുത്'; അന്വേഷണസംഘത്തിന് ക്രൈംബ്രാഞ്ച് മേധാവിയുടെ കര്‍ശന നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th April 2022 10:51 AM  |  

Last Updated: 29th April 2022 10:51 AM  |   A+A-   |  

dileep1055003_(1)

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ വിവരങ്ങള്‍ ചോരരുതെന്ന് അന്വേഷണസംഘത്തിന് കര്‍ശന നിര്‍ദേശം. ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് ഇന്നലെ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. വിവരങ്ങള്‍ ചോരുന്നതില്‍ ഹൈക്കോടതി കഴിഞ്ഞദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇന്നലെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കേസന്വേഷണ പുരോഗതി എഡിജിപി വിലയിരുത്തി. കോടതിയില്‍ വിചാരണയില്‍ ഇരിക്കുന്ന കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും, ഓഡിയോ ക്ലിപ്പുകളും ചേരുന്നത് വിചാരണയെയും, കേസിനെ തന്നെയും ദുര്‍ബലപ്പെടുത്താനിടയുണ്ടെന്നും, അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും ക്രൈംബ്രാഞ്ച് മേധാവി നിര്‍ദേശിച്ചു. 

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിലവില്‍ തുടരുന്ന അന്വേഷണവുമായി മുന്നോട്ടുപോകാനും ക്രൈംബ്രാഞ്ച് മേധാവി അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കി. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി ബൈജു പൗലോസ്, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് അടക്കമുള്ള തുടരന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എസ് പി മോഹനചന്ദ്രന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. 

കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന എഡിജിപി എസ് ശ്രീജിത്തിനെ ഏതാനും ദിവസം മുമ്പാണ് ക്രൈംബ്രാഞ്ചിന്റെ ചുമതലയില്‍ നിന്നും മാറ്റി ഗതാഗത കമ്മീഷണറായി നിയമിച്ചത്. പകരം ജയില്‍ മേധാവിയായിരുന്ന ഷേഖ് ദര്‍വേഷ് സാഹിബിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

വിജയ് ബാബു ദുബൈയിലേക്ക് കടന്നത് ബംഗളൂരു വഴി; കീഴടങ്ങാതെ മറ്റു വഴികളില്ലെന്ന് കമ്മീഷണര്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ