'ഉത്തരേന്ത്യന്‍ മോഡല്‍ പ്രസംഗം', കേരളത്തിന് അപമാനം; പി സി ജോര്‍ജിന് എതിരെ കേസെടുക്കണം: എഐവൈഎഫ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th April 2022 05:40 PM  |  

Last Updated: 30th April 2022 05:40 PM  |   A+A-   |  

aiyf_pc_george

പിസി ജോര്‍ജ്,എഐവൈഎഫ് പതാക


തിരുവനന്തപുരം: മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശത്തിന് എതിരെ കേസെടുക്കണമെന്ന് എഐവൈഎഫ്. കേരളത്തിന്റെ മത-സാമുദായിക സൗഹാര്‍ദ അന്തരീക്ഷത്തിനെ മലീമസമാക്കുന്ന വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ പി സി  ജോര്‍ജിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

സംഘപരിവാര്‍-പോപ്പുലര്‍ ഫ്രണ്ട് ശക്തികള്‍ കേരളത്തിനകത്ത് വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഇക്കാലത്ത് ഇത്തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുക. ബോധപൂര്‍വ്വം നടത്തിയ ഈ പ്രസ്താവന ക്രിമിനല്‍ കുറ്റകരമാണ്. ഉത്തരേന്ത്യന്‍ മോഡല്‍ പ്രസംഗങ്ങള്‍ നടത്തുന്ന നേതാക്കള്‍ കേരളത്തിന് അപമാനമാണ്. ഇത്തരക്കാരെ സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ പുരോഗമന കേരളം തയ്യാറാകാണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ സെക്രട്ടറി ടി ടി ജിസ്‌മോന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

'കച്ചവടം ചെയ്യുന്ന മുസ്ലിങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു' എന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രസംഗം. 'മുസ്ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിങ്ങളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു.' എന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം ഡിവൈഎഫ്‌ഐക്ക് പുതുനേതൃത്വം; വി വസീഫ് പ്രസിഡന്റ്; സനോജ് സെക്രട്ടറി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ