'സ്‌പോണ്‍സര്‍മാര്‍ക്ക് വേണ്ടി പാര്‍ട്ടി; പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, മതം മാറ്റി': പെരുമ്പാവൂരിലെ ഗേള്‍സ് ഹോമിന് വിലക്ക്

പോക്സോ കേസുകളിലെ ഉള്‍പ്പെടെ ഇരകളടങ്ങുന്ന അന്തേവാസികളുടെ സുരക്ഷയില്‍ ജില്ലാ ശിശുക്ഷേമ സമിതി ( സിഡബ്ല്യുസി) ആശങ്ക പ്രകടിപ്പിച്ച പെരുമ്പാവൂരിലെ സ്നേഹജ്യോതി ഗേള്‍സ് ഹോം സംശയനിഴലില്‍
'സ്‌പോണ്‍സര്‍മാര്‍ക്ക് വേണ്ടി പാര്‍ട്ടി; പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, മതം മാറ്റി': പെരുമ്പാവൂരിലെ ഗേള്‍സ് ഹോമിന് വിലക്ക്


കൊച്ചി: പോക്സോ കേസുകളിലെ ഉള്‍പ്പെടെ ഇരകളടങ്ങുന്ന അന്തേവാസികളുടെ സുരക്ഷയില്‍ ജില്ലാ ശിശുക്ഷേമ സമിതി ( സിഡബ്ല്യുസി) ആശങ്ക പ്രകടിപ്പിച്ച പെരുമ്പാവൂരിലെ സ്നേഹജ്യോതി ഗേള്‍സ് ഹോം സംശയനിഴലില്‍. ഹോമിന്റെ 'ഫിറ്റ് ഫെസിലിറ്റി' സിഡബ്ല്യുസി റദ്ദാക്കി. ഇത് സംസ്ഥാന സാമൂഹിക നീതി വകുപ്പിനെ അറിയിച്ചു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. അന്വേഷണത്തില്‍ സ്നേഹജ്യോതിയില്‍ കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതര ലംഘനം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 

ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട പെണ്‍കുട്ടികളെ താമസിപ്പിക്കുന്നതിന് പോക്സോ നിയമപ്രകാരം, സര്‍ക്കാര്‍ അനുമതിയോടെ രണ്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്നതാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ പുല്ലുവഴിയിലുള്ള സ്നേഹജ്യോതി. പോക്സോ കേസ് ഇരയായ ഒരു പെണ്‍കുട്ടിയുടെ പക്കല്‍ നിന്ന് സിഡബ്ല്യുസിക്കു കിട്ടിയ മൊബൈല്‍ ഫോണിലെ വിവരങ്ങളാണ് അന്വേഷണത്തിലേക്കു നയിച്ചത്. കോടതി നിര്‍ദേശപ്രകാരം ഗേള്‍സ് ഹോം ഡയറക്ടര്‍ സിസ്റ്റര്‍ ജിസാ പോളിന്റെ മേല്‍നോട്ട ചുമതലയിലായിരുന്നു പെണ്‍കുട്ടി. പിന്നീട് പെണ്‍കുട്ടിയെ തിരികെ വീട്ടിലേക്ക് അയയ്ക്കാന്‍ സിഡബ്ല്യുസിയും കുട്ടിയുടെ അമ്മയും പലവട്ടം ശ്രമിച്ചെങ്കിലും അവിടെത്തന്നെ നിലനിര്‍ത്താനാണ് ഡയറക്ടര്‍ താല്‍പര്യപ്പെട്ടത്. പെണ്‍കുട്ടിക്ക് ആത്മഹത്യാ പ്രവണത ഉണ്ടെന്ന കപട ന്യായമാണ് ഇതിന് കാരണമായി ഉന്നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബന്ധപ്പെട്ട വകുപ്പില്‍ സിസ്റ്റര്‍ ജിസയ്ക്കുള്ള സ്വാധീനം പോലും ഇതിന് ഉപയോഗിച്ചു. സംശയം തോന്നിയ സിഡബ്ല്യുസി ഡിസ്ട്രിക്റ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് (ഡിസിപിയു) മുഖേനയാണ് അന്വേഷണം നടത്തിയത്.

ഡിസിപിയു അംഗീകാരമുള്ളതോ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചതോ അല്ലാത്ത സ്പോണ്‍സര്‍മാര്‍ രാജ്യത്തും പുറത്തും ഈ സ്ഥാപനത്തിലെ കുട്ടികള്‍ക്കുണ്ട് എന്നാണ് അന്വേഷണത്തിലെ ഒന്നാമത്തെ കണ്ടെത്തല്‍. 2015ലെ ബാലനീതി നിയമം ( ജെ ജെ ആക്റ്റ്) പ്രകാരം സ്പോണ്‍സര്‍മാരുടെ വിവരങ്ങള്‍ ഡിസിപിയുവില്‍ നിര്‍ബന്ധമായി അറിയിച്ചിരിക്കണം. നല്ല സ്പോണ്‍സര്‍മാരുള്ള കുട്ടികള്‍ 'പാല്‍ചുരത്തുന്ന പശുക്കള്‍' ആണെന്നും അതുകൊണ്ടാണ് ഡയറക്ടര്‍ ജിസ ചില കുട്ടികളെ തിരിച്ചയയ്ക്കാന്‍ മടിക്കുന്നതെന്നും കണ്ടെത്തി. ഇതിന് അവര്‍ എല്ലാത്തരം സ്വാധീനവും ഉപയോഗപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഈ സ്പോണ്‍സര്‍മാര്‍ ഗേള്‍സ് ഹോമില്‍ എത്തി കുട്ടികളെ സ്ഥിരമായി സന്ദര്‍ശിക്കുകയും സ്ഥാപനം ഹോമിലോ പുറത്തോ അവര്‍ക്കു വേണ്ടി പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന ഞെട്ടിക്കുന്ന കണ്ടെത്തലും ഉണ്ട്. അവിടെ വച്ച് ഈ പെണ്‍കുട്ടികളുടെ ഫോട്ടോകളും വീഡിയോകളും എടുക്കാറുമുണ്ട്. ഇതൊന്നും സിഡബ്ല്യുസിയെ അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തിരുന്നില്ല. ഇരകളായ കുട്ടികളുടെ സ്വകാര്യതയും രഹസ്യത്മകതയും സുക്ഷിക്കുന്നതു സംബന്ധിച്ച ബാലനീതി നിയമത്തിലെ മൗലിക വ്യവസ്ഥകളുടെ ലംഘനമാണ് ഇതിലൂടെ സംഭവിച്ചത്.

അന്തേവാസിയായ കുട്ടി സമൂഹമാധ്യമങ്ങളിലെ സുഹൃത്തുക്കള്‍ക്ക് അര്‍ധനഗ്‌ന ചിത്രങ്ങളും വീഡിയോകളും അയച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. ജിസ പോള്‍, നൈസി വര്‍ഗ്ഗീസ് കണ്ണംപിള്ളി, ഉഷ തുടങ്ങിയ സ്നേഹജ്യോതി അധികൃതര്‍ ഇക്കാര്യം അവഗണിക്കുകയോ തടയുന്നതില്‍ വീഴ്ച വരുത്തുകയോ ചെയ്തു. ഇങ്ങനെയാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെക്കാലവും പ്രവര്‍ത്തിച്ചത്. ഇത് അതീവ ഉത്കണ്ഠാജനകമായ സാഹചര്യമാണ്- റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അന്തേവാസികളുടെ അവസ്ഥ പ്രയോജനപ്പെടുത്തി രക്ഷിതാക്കളുടെയോ വേണ്ടപ്പെട്ടവരുടെയോ അനുമതിയില്ലാതെ ചിലരെ സിസ്റ്റര്‍ ജിസ മതം മാറ്റി, കുട്ടികളെ ഉപയോഗിച്ച് സ്പോണ്‍സര്‍മാര്‍ മുഖേന എഫ്സിആര്‍എ ( വിദേശ നാണ്യ നിയന്ത്രണ നിയമം) ദുരുപയോഗം ചെയ്തു തുടങ്ങിയ കണ്ടെത്തലുകളുമുണ്ട്. ഡയറക്ടര്‍ക്ക് അമ്പരപ്പിക്കുന്ന വിധം സ്വത്തുക്കളാണുള്ളത്. സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തതുള്‍പ്പെടെ നിരവധി ആഡംബര കാറുകളുണ്ട്.

ഗുരുതര ക്രമക്കേടുകളും കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതര ലംഘനങ്ങളും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥാപനത്തിനു തുടര്‍ന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി റദ്ദാക്കുന്നു എന്നാണ് ഏപ്രില്‍ 25നു സിഡബ്ല്യുസി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നത്. മാത്രമല്ല, സ്ഥാപനത്തിലെ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഉത്തരവില്‍ പറയുന്നു. നിലവിലെ സിഡബ്ല്യുസിയുടെ കാലാവധി ഒരാഴ്ചയ്ക്കുള്ളില്‍ അവസാനിക്കുകയും പരിചയക്കുറവുള്ള പുതിയ സമിതി ചുമതലയേല്‍ക്കുകയും ചെയ്യുമ്പോള്‍ ഈ കുട്ടികളുടെ സുരക്ഷയില്‍ ആശങ്കയുണ്ട്. പേര് പരാമര്‍ശിക്കപ്പെട്ട മൂന്നു പേരും ഗുരുതരമായ ആരോപണവിധേയരും നിരുത്തരവാദിത്വം കാണിച്ചവരുമായിരിക്കെ പ്രത്യേകമായും ഇത് ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com