അജ്ഞാത യുവതിയെ തേടി പൊലീസ്; വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടും, വീട്ടിലും ഫ്ളാറ്റിലും പരിശോധന
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th April 2022 07:08 AM |
Last Updated: 30th April 2022 07:08 AM | A+A A- |

വിജയ് ബാബു: ചിത്രം/ ഫെയ്‌സ്ബുക്ക്
കൊച്ചി; ബലാത്സംഗ ആരോപണത്തിന് പിന്നാലെ വിദേശത്തേക്കു കടന്ന നടനും നിർമാതാവുമായ വിജയ് ബാബുവിനെ ഇന്ത്യയിലേക്ക് എത്തിക്കാൻ പൊലീസ്. താരത്തിന്റെ പാസ്പോർട്ടും വിസയുമടക്കം റദ്ദാക്കാൻ അപേക്ഷ നൽകും. ഇതിനായി പൊലീസ് എമിഗ്രേഷൻ വിശദാംശങ്ങൾ ശേഖരിച്ചു. താരത്തിന്റെ വീട്ടിലും ഫ്ളാറ്റിലുമടക്കം പരിശോധന നടത്തി. അതിനിടെ താരത്തിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച അജ്ഞാത യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇന്നലെ സോഷ്യൽ മീഡിയയിലൂടെയാണ് വിജയ് ബാബുവിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് യുവതി തുറന്നു പറഞ്ഞത്. ജോലിയുടെ ഭാഗമായി താരത്തെ കാണാൻ എത്തിയപ്പോൾ ചുംബിക്കാൻ ശ്രമിച്ചു എന്നാണ് വുമൺ എഗൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് പേജിലൂടെ വെളിപ്പെടുത്തിയത്. ഇതാരെന്ന് കണ്ടെത്താൻ പ്രത്യേക സൈബർ ടീമിനെ നിയോഗിച്ചു. പേജിന്റെ അഡ്മിനെ കണ്ട് വിവരങ്ങൾ ശേഖരിക്കും. സിനിമാ മേഖലയിൽ തന്നെയുള്ളയാളാണ് ഫേസ് ബുക് പേജ് വഴി ആരോപണം ഉന്നയിച്ചതെന്നാണ് കരുതുന്നത്. ഈ വ്യക്തിയെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കാനും തയ്യാറെങ്കിൽ പരാതി എഴുതി വാങ്ങാനുമാണ് തീരുമാനം.
വിജയ് ബാബുവിനൊപ്പം സിനിമയിൽ പ്രവർത്തിച്ച യുവനടിയാണ് താരത്തിനെതിരെ പരാതിയുമായി ആദ്യം രംഗത്തെത്തിയത്. അതിനു പിന്നാലെ വിജയ് ബാബു യുവതിയുടെ പേര് പുറത്തുവിടുകയായിരുന്നു. ഇത് വൻ വിമർശനങ്ങൾക്ക് വഴിവച്ചു. അതിനിടെ കേസെടുത്തതിനു പിന്നാലെ വിജയ് ബാബു ദുബൈയിലേക്കു പോയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കാം
സംസ്ഥാനത്ത് ഇന്നും മഴ കനക്കും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ