പെയ്‌തൊഴിയാതെ ദുരിതം; സംസ്ഥാനത്ത് 12 മരണം; 95 ദുരിതാശ്വാസ ക്യാമ്പുകള്‍; ജാഗ്രത

വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ഇന്ന് ആറ് പേര്‍ മരിച്ചു.
കനത്ത മഴയില്‍ തകര്‍ന്ന കുട്ടിക്കാനം റോഡ്
കനത്ത മഴയില്‍ തകര്‍ന്ന കുട്ടിക്കാനം റോഡ്

തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ആറു മരണം. കണ്ണൂരില്‍ മൂന്നുപേരും തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓരോരുത്തരുമാണു മരിച്ചത്. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ ആകെ എണ്ണം 12 ആയി.

കണ്ണൂര്‍ ഇരിട്ടി താലൂക്കിലെ കണിച്ചാര്‍ വില്ലേജിലുണ്ടായ ഉരുള്‍പൊട്ടലില്‍ പിഞ്ചുകുഞ്ഞടക്കം മൂന്നു പേര്‍ മരിച്ചു. കണിച്ചാര്‍ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറം ചാല്‍ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. കണിച്ചാല്‍ വെള്ളറ കോളനിയിലെ അരുവിക്കല്‍ ഹൗസില്‍ രാജേഷ് (45), പൂളക്കുറ്റി ആരോഗ്യ കേന്ദ്രം ജീവനക്കാരി നദീറ ജെ. റഹീമിന്റെ രണ്ടര വയസുകാരിയായ മകള്‍ നൂമ തസ്മീന്‍, കണിച്ചാര്‍ വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രന്‍ (55) എന്നിവരാണു മരിച്ചത്. പൂളക്കുറ്റിയിലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചന്ദ്രന്റെ വീട് പൂര്‍ണമായും മണ്ണിനടിയിലാണ്. ഇന്ത്യന്‍ ആര്‍മിയുടെയും ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണു താഴെ വെള്ളറ ഭാഗത്തുനിന്ന് വൈകീട്ട് നാലരയോടെ ചന്ദ്രന്റെ മൃതദേഹം കിട്ടിയത്.

തിരുവനന്തപുരത്ത് തമിഴ്‌നാട് സ്വദേശി കന്യാകുമാരി പുത്തന്‍തുറ കിങ്‌സറ്റണ്‍ (27) കടലില്‍ തിരയില്‍പ്പെട്ടു മരിച്ചു. കോട്ടയം കൂട്ടിക്കലില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ടു കൂട്ടിക്കല്‍ കന്നുപറമ്പില്‍ റിയാസ് (45) മരിച്ചു. എറണാകുളം കുട്ടമ്പുഴയില്‍ ഇന്നലെ (തിങ്കളാഴ്ച) കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. 
കാവനാകുടിയില്‍ പൗലോസിനെയാണ് വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉരുളംതണ്ണി സ്വദേശിയായ ഇദ്ദേഹത്തിന് 65 വയസ്സായിരുന്നു. ദേഹത്തേക്ക് മരം ഒടിഞ്ഞുവീണതാണു മരണ കാരണം.
 

സംസ്ഥാനത്ത് ഇതുവരെ 95 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 2291 പേരെ ഇവിടങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലയില്‍ രണ്ടു ക്യാമ്പുകളിലായി 30 പേരെയും പത്തനംതിട്ടയില്‍ 25 ക്യാമ്പുകളിലായി 391 പേരെയും ആലപ്പുഴയില്‍ അഞ്ചു ക്യാമ്പുകളിലായി 58 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. കോട്ടയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. 21 ക്യാമ്പുകളിലായി 447 പേരെ ഇവിടെ മാറ്റിപ്പാര്‍പ്പിച്ചു.

ഇടുക്കിയില്‍ ഏഴു ക്യാമ്പുകളിലായി 118 പേരും എറണാകുളത്ത് 11 ക്യാമ്പുകളിലായി 467 പേരും കഴിയുന്നു. തൃശൂരിലാണ് ഏറ്റവും കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചത്. 657 പേരെ ഇവിടെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. 15 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതിനായി തുറന്നത്. പാലക്കാട് ഒരു ക്യാമ്പില്‍ 25 പേരും മലപ്പുറത്ത് രണ്ടു ക്യാമ്പുകളിലായി എട്ടു പേരും വയനാട് മൂന്നു ക്യാമ്പുകളിലായി 38 പേരും കണ്ണൂരില്‍ മൂന്നു ക്യാമ്പുകളിലായി 52 പേരും കഴിയുന്നുണ്ട്.

മഴയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മഴ മുന്നറിയിപ്പുകളോ ആശങ്കാജനകമായ മറ്റ് സന്ദേശങ്ങളോ കണ്ടാല്‍ വിശ്വാസയോഗ്യമായ കേന്ദ്രത്തിന്റെ സഹായത്തോടെ ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

10 ജില്ലകളില്‍ അവധി

മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനതംതിട്ട, പാലക്കാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

എംജി സര്‍വകലാശാല ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. സംസ്‌കൃത ശര്‍വകലാശാലയും പരീക്ഷ മാറ്റിയിട്ടുണ്ട്. 

മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ നടക്കേണ്ട സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം മാറ്റിവച്ചു. വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു പ്രവേശനം വിലക്കി കലക്ടര്‍ ഉത്തരവിറക്കി.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പു പ്രകാരം പത്തു ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ശേഷിച്ച ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത് തൃശൂരിലെ ഏനാമാക്കലില്‍. 24 സെന്റിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്. കൊച്ചി വിമാനത്താവളത്തില്‍ 23 സെന്റിമീറ്റര്‍ മഴയാണ് ഈ സമയം കൊണ്ടു പെയ്തത്.

ഇരുപത്തിനാലു മണിക്കൂറിനിടെ ചാലക്കുടിയില്‍ 21 സെന്‍ിമീറ്ററും ആലുവയില്‍ 18 സെന്റിമീറ്ററും മഴ ലഭിച്ചു. ഈ നാലിടത്താണ് ഇന്നലെ വൈകിട്ടും ഇന്നുമായി അതിതീവ്രമഴ പെയ്തത്. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

ഏഴു ഡാമുകളില്‍ റെഡ് അലര്‍ട്ട്

നാളെയും സമാനമായ മുന്നറിയിപ്പാണ് കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ടിട്ടുള്ളത്. വ്യാഴാഴ്ച ഏഴു ജില്ലകളിലാണ് റെഡ് അലര്‍ട്ട്. വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നാണ് ഇപ്പോഴത്തെ പ്രവചനം.

സംസ്ഥാനത്ത് മഴ ശക്തമായതോടെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഏഴു ഡാമുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കിയിലെ പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, കുണ്ടള, പത്തനംതിട്ടയിലെ മൂഴിയാര്‍, തൃശൂരിലെ പെരിങ്ങല്‍കുത്ത് എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്.

മങ്കര, മംഗലം ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായാണ് ഡാം തുറക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്നലെ ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുകയാണ്.തൃശ്ശൂര്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ നാലാം നമ്പര്‍ വാല്‍വ് കൂടി രാവിലെ 4.30 ന് തുറന്നിരുന്നു.തിരുവനന്തപുരം പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 250 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഇത് രാവിലെയോടെ 270 സെന്റീമീറ്ററായി ഉയര്‍ത്തി. കൂടാതെ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ആകെ 530 സെന്റീമീറ്ററാക്കി ഉയര്‍ത്തിയിട്ടുമുണ്ട്. പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട ഡാമുകളായ കക്കി ആനത്തോട് റിസര്‍വോയറില്‍ ആകെയുള്ള സംഭരണശേഷിയുടെ 65.11 %വും പമ്പ ഡാമിന്റെ 35.81 % വുമാണ് നിലവില്‍ നിറഞ്ഞിട്ടുള്ളത്.

മലങ്കര ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഭാഗമായി ഡാമിലെ ആറ് സ്പില്‍വേ ഷട്ടറുകള്‍ 120 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 300.03 ഘന അടി ജലം പുറത്തേക്ക് ഒഴുക്കുവിടുന്നുണ്ട്. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുണ്ടള ജലസംഭരണിയുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയും നീരൊഴുക്കും കാരണം ജലനിരപ്പ് ഉയരുകയാണ്. കുണ്ടള ജലസംഭരണിയിലെ അധിക ജലം ഘട്ടം ഘട്ടമായി പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. കുണ്ടള അണക്കെട്ടിലെ അഞ്ച് ഷട്ടറുകള്‍ 50 സെന്റീ മീറ്റര്‍ വീതം ആവശ്യാനുസരണം തുറന്ന് 60 ക്യൂമെക്സ് വരെ കുണ്ടളയാറു വഴി മാട്ടുപ്പെട്ടി സംഭരണിയിലേക്ക് ഒഴുക്കിവിടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com