തൊണ്ടിമുതലില്‍ കൃത്രിമം: കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2022 11:26 AM  |  

Last Updated: 03rd August 2022 11:26 AM  |   A+A-   |  

antony raju

മന്ത്രി ആന്റണി രാജു/ ഫയല്‍

 

കൊച്ചി: തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച കേസില്‍ മന്ത്രി ആന്റണി രാജുവിന് ആശ്വാസം. കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു. ഒരുമാസത്തേക്കാണ് തുടര്‍നടപടികള്‍ തടഞ്ഞത്. കേസ് റദ്ദാക്കണമെന്ന മന്ത്രി ആന്റണി രാജുവിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ നാളെ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതി ഇടപെടല്‍. 

കേസില്‍ അന്വേഷണം നടത്താനോ കുറ്റപത്രം സമര്‍പ്പിക്കാനോ പൊലീസിന് അവകാശമില്ലെന്നും ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രം ഫയലില്‍ സ്വീകരിച്ചത് നിയമവിരുദ്ധമാണെന്നുമാണ് മന്ത്രി ഹര്‍ജിയില്‍ ആരോപിക്കുന്നത്. അതുകൊണ്ട് നിയമപരമായി നിലനില്‍ക്കില്ലെന്നും മന്ത്രി ആന്റണി രാജു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാന്‍ കേസില്‍ നിയമപ്രകാരമുള്ള നടപടികള്‍ ഉണ്ടായതായി പരിശോധിക്കുമ്പോള്‍ കാണുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. ഇത്തരമൊരു പശ്ചാത്തലത്തില്‍ കേസിലെ തുടര്‍നടപടികള്‍ ഒരുമാസത്തേക്ക് തടയുകയാണെന്ന് കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിചാരണ കോടതിയില്‍ നിന്നും ഹൈക്കോടതി വിളിപ്പിച്ചിട്ടുണ്ട്.

2006 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ അനന്തമായി നീളുന്നത് ഗൗരവകരമാണെന്ന് ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. തൊണ്ടിമുതലിൽ കൃത്രിമം കാട്ടി മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിച്ചതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ കേസെടുക്കുന്നത്. 1994 ലാണ് സംഭവമുണ്ടാകുന്നത്.  29 സാക്ഷികളിൽ എല്ലാവരും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരാണ്. മൂന്ന് പേർ മരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ചുമതല കൈമാറാന്‍ ശ്രീറാം എത്തിയില്ല; ആലപ്പുഴ ജില്ലാ കലക്ടറായി വി ആര്‍ കൃഷ്ണതേജ സ്ഥാനമേറ്റു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ