നീരൊഴുക്ക് ശക്തമായി; ഇടുക്കി ഡാം നാളെ രാവിലെ 10 ന് തുറക്കും; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2022 01:54 PM  |  

Last Updated: 06th August 2022 02:05 PM  |   A+A-   |  

idukki dam

ഫയല്‍ ചിത്രം

 

ചെറുതോണി: നീരൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് ഇടുക്കി ഡാം നാളെ തുറക്കും. രാവിലെ 10 നാണ് അണക്കെട്ട് തുറക്കുക. 50 ഘനയടി വെള്ളമാണ് ഇടുക്കിയില്‍ നിന്നും പുറത്തേക്ക് ഒഴുക്കി വിടുകയെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. 

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 2382.88 അടിയാണ്. 2383.54 ആണ് അണക്കെട്ടിന്റെ അപ്പർ റൂൾ കർവ്. വൃഷ്ടി പ്രദേശങ്ങളിൽ ഇടവിട്ട്  മഴ തുടരുന്നതിനാലും ശക്തമായ നീരൊഴുക്കും മൂലം ജലനിരപ്പ് റൂൾകർവ് പരിധിയിലെത്തുമെന്നാണ് വിലയിരുത്തൽ.

അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2408.50 അടിയാണ്. അണക്കെട്ട് തുറക്കുന്നത് കണക്കിലെടുത്ത് പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 

ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നാല്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും റവന്യൂ അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിടുന്നതില്‍ ആലുവ പെരിയാറിലെ ജലനിരപ്പ് കൂടി കണക്കിലെടുത്തു മാത്രമാകും തീരുമാനമെടുക്കുക. 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലവിതാനം ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. 10 സ്പില്‍വേ ഷട്ടറുകളും തുറന്നുവിട്ടിട്ടും ജലനിരപ്പ് താഴ്ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇടവിട്ടുള്ള മഴയും നീരൊഴുക്ക് ശക്തമായതുമാണ് ജലനിരപ്പ് താഴാതിരുന്നതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.   

ഈ വാര്‍ത്ത കൂടി വായിക്കൂ

ആശുപത്രിയില്‍ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; രജിസ്റ്ററില്‍ ഒപ്പിട്ട ഡോക്ടര്‍മാര്‍ പോലും ഇല്ല; നടപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ