റോഡിന് കുറുകെ കൂറ്റൻ കുഴി; സ്കൂട്ടർ വീണ് രണ്ടായി മുറിഞ്ഞു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2022 10:23 AM  |  

Last Updated: 07th August 2022 10:23 AM  |   A+A-   |  

scooter

സ്കൂട്ടർ രണ്ടായി മുറിഞ്ഞ നിലയിൽ

 

കോഴിക്കോട്: ജൽ ജീവൻ മിഷൻ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹനം രണ്ടായി മുറിഞ്ഞു. കോഴിക്കോട് പന്തീരാങ്കാവിന് സമീപമാണ് അപകടം. വാഹനത്തിന്റെ ഫോർക്ക് തകർന്ന് മുൻചക്രം വേറിട്ട നിലയിലാണ്. പന്തീരാങ്കാവ് ചാലിക്കര സ്വദേശി അസിം അൻസാറിന്റെ വാഹനമാണ് രണ്ടായി മുറിഞ്ഞത്. അസിം അൻസാർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.

അപകടത്തിൽ മറ്റൊരു ബൈക്കിനും കേടുപാട് പറ്റിയിട്ടുണ്ട്. റോഡിനു കുറുകെയുള്ള ഈ കിടങ്ങിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് ഓട്ടോറിക്ഷയും മറിഞ്ഞിരുന്നു.

ബൈപ്പാസിൽ അത്താണിക്ക് സമീപം പന്തീരാങ്കാവിലേക്കുള്ള പഴയ റോഡിലെ കുഴിയിൽ കുടുങ്ങിയാണ് അപകടമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് സ്ഥാപിക്കാൻ റോഡിനു കുറുകെ പ്രവൃത്തി നടത്തിയ ഭാഗമാണ് വലിയ കിടങ്ങായിക്കിടക്കുന്നത്. കിടങ്ങ് നികത്താനായി വലിയ കരിങ്കല്ലുകൾ ഇട്ടതോടെ കൂടുതൽ അപകടാവസ്ഥയായി.

സമീപകാലത്ത് മിനി ബസ് അസോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ കുഴികൾ അടച്ചിരുന്നു. എന്നാൽ മഴ ശക്തമായതോടെ കിടങ്ങിന് ആഴം വർധിച്ചിരിക്കുകയാണ്. സമീപകാലത്ത് പുതുക്കിപ്പണിത റോഡിലാണ് ഈ വലിയ കുഴി. 

ഈ വാർത്ത കൂടി വായിക്കൂ

ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചാൽ പിടി വീഴും; ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കും; 1000 രൂപ പിഴ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ