കൊലപാതകത്തിന് പിന്നിൽ ലഹരിമരുന്ന് തർക്കം?; സജീവിനെ കൊന്നത് രണ്ടുദിവസം മുമ്പ്; ഫ്ലാറ്റിൽ മയക്കുമരുന്ന് ഉപയോ​ഗം പതിവായിരുന്നുവെന്ന് സംശയമെന്ന് കൊച്ചി പൊലീസ് കമ്മീഷണർ

 മഞ്ചേശ്വരത്തുവെച്ച് കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അർഷാദിനെ പൊലീസ് പിടികൂടുന്നത്
അര്‍ഷാദ്, കമ്മീഷണര്‍ നാഗരാജു
അര്‍ഷാദ്, കമ്മീഷണര്‍ നാഗരാജു

കൊച്ചി: കാക്കനാട് ഫ്ലാറ്റിലെ കൊലപാതകത്തിന് പിന്നിൽ ലഹരിമരുന്ന് തർക്കമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാ​ഗരാജു. രണ്ടുദിവസം മുമ്പാണ് സജീവ് കൃഷ്ണനെ കൊലപ്പെടുത്തുന്നത്. പ്രതി അർഷാദിനെ കാസർകോടു നിന്ന് പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യാൻ പറ്റുന്ന സാധാരണ അവസ്ഥയിലല്ല. മെഡിക്കൽ സഹായം ഉൾപ്പെടെ ഉപയോ​ഗിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമം നടത്തുകയാണ്. കൊലപാതകം സംബന്ധിച്ച് ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് കമ്മീഷണർ പറഞ്ഞു. 

ഫ്ലാറ്റിലെ മുറിയിൽ നിന്നും ലഹരി വസ്തുക്കൾ ഒന്നു കണ്ടെടുത്തിട്ടില്ല. സിന്തറ്റിക് ലഹരിവസ്തുക്കൾ കണ്ടെത്തിയിട്ടില്ലെങ്കിലും അവിടത്തെ മണവും മറ്റും മയക്കുമരുന്നിന്റെ സാന്നിധ്യം സംശയിക്കുന്നുണ്ട്. ഫ്ലാറ്റിൽ മയക്കുമരുന്നിന്റെ സ്ഥിരം ഉപയോ​ഗം ഉണ്ടായിരുന്നതായാണ് മനസ്സിലാകുന്നത്.  കാക്കനാട്ടിലെ ഫ്ലാറ്റിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. മദ്യപിച്ച് ബഹളം കൂട്ടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ നാട്ടുകാർ പൊലീസിൽ വിവരം നൽകിയില്ല. ഫ്ലാറ്റിൽ സിസിടിവി ഉണ്ടായിരുന്നില്ലെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു. 

സംഭവസമയത്ത് അല്ലെങ്കിലും കൊലപാതകം നടന്ന ഫ്ലാറ്റില്‍ പലരും വരികയും പോവുകയും ചെയ്തിരുന്നു. ബന്ധപ്പെട്ടവര്‍ ഇതൊന്നും പൊലീസിനെ അറിയിച്ചില്ല. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ റെസിഡന്‍സ് അസോസിയേഷനുകള്‍ പൊലീസിനെ അറിയിക്കണം. അറിയിച്ചാല്‍ പൊലീസ് റെയ്ഡ് നടത്തും. ഇതിലൂടെ കുറ്റകൃത്യങ്ങള്‍ തടയാനാകും.  താമസസ്ഥലങ്ങളിലെ സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ റെസിഡന്‍സ് അസോസിയേഷനുകളോട് നേരത്തെ അഭ്യര്‍ത്ഥിച്ചിട്ടുള്ളതാണെന്നും പൊലീസ്  കമ്മീഷണര്‍ പറഞ്ഞു.

കൊലപാതക വിവരം പുറത്തറിഞ്ഞതോടെയാണ് അർഷാദ് മുങ്ങിയത്.  മഞ്ചേശ്വരത്തുവെച്ച് കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അർഷാദിനെ പൊലീസ് പിടികൂടുന്നത്. ഇരുചക്രവാഹനത്തിൽ സുഹൃത്തിനൊപ്പം റെയിൽവേ സ്റ്റേഷനിലെത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ നാഹനത്തിൽ നിന്നും ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അർഷാദിനെ പിടികൂടുന്നത്. 

ഇയാളോടൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാസർകോട് എസ്പി ഓഫീസിലുള്ള അർഷാദിനെ അർധരാത്രിയോടെ കൊച്ചിയിലെത്തിക്കുമെന്നും കമ്മീഷണർ പറഞ്ഞു. ഇന്നലെയാണ് കാക്കനാട് ഇൻഫോ പാർക്ക് പരിസരത്തുള്ള ഫ്‌ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ മലപ്പുറം സ്വദേശി സജീവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട സജീവ് കൃഷ്ണന്റെ (23) ശരീരത്തിൽ 20ഓളം മുറിവുകളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com