രാഖി പൊട്ടിച്ചത് വിരോധമായി; ഷാജഹാന്റെ കൊലയ്ക്ക് പിന്നില്‍ പ്രാദേശിക രാഷ്ട്രീയ തര്‍ക്കവും വ്യക്തിവൈരാഗ്യവുമെന്ന് പൊലീസ്; നാലു പേര്‍ അറസ്റ്റില്‍

രാഷ്ട്രീയ കൊലപാതകം ആണോയെന്ന് പരിശോധിച്ചു വരികയാണെന്ന് പാലക്കാട് എസ്പി ആര്‍ വിശ്വനാഥ് പറഞ്ഞു
ഷാജഹാന്‍, എസ്പി വിശ്വനാഥ്‌
ഷാജഹാന്‍, എസ്പി വിശ്വനാഥ്‌

പാലക്കാട്: സിപിഎം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയും മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ പ്രാദേശിക രാഷ്ട്രീയ തര്‍ക്കവും വ്യക്തി വൈരാഗ്യവുമെന്ന് പൊലീസ്. രാഷ്ട്രീയ കൊലപാതകം ആണോയെന്ന് പരിശോധിച്ചു വരികയാണെന്ന് പാലക്കാട് എസ്പി ആര്‍ വിശ്വനാഥ് പറഞ്ഞു. കേസില്‍ നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും എസ്പി  അറിയിച്ചു. 

ഷാജഹാനുമായി 2019 മുതല്‍ പ്രതികള്‍ക്ക് തര്‍ക്കമുണ്ട്. ഷാജഹാന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായപ്പോള്‍ അകല്‍ച്ച കൂടി. നവീന്‍ രാഖി കെട്ടിയത് ഷാജഹാന്‍ ചോദ്യം ചെയ്തിരുന്നു. രാഖി പൊട്ടിച്ചു കളയുകയും നവീനെ ആക്ഷേപിച്ചു വിടുകയും ചെയ്തിരുന്നു. ഇതിന്റെ ദേഷ്യത്തില്‍ ഷാജഹാനുമായി തര്‍ക്കമുണ്ടായിരുന്നു. 

ശ്രീകൃഷ്ണ ജയന്തി ബോര്‍ഡ് സ്ഥാപിക്കുന്നതിലെ തര്‍ക്കവും വൈരാഗ്യത്തിന് കാരണമായി എന്നും എസ്പി പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത എട്ടുപേരില്‍ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ നേരിട്ട് പങ്കെടുത്ത ശബരീഷ്, സുജീഷ്, അനീഷ്, നവീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ കസ്റ്റഡിയിലുള്ളതായും, അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി വിശ്വനാഥ് പറഞ്ഞു. 

രക്തം വാര്‍ന്നാണ് ഷാജഹാന്റെ മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊലയാളി സംഘത്തിന്റെ ആക്രമണത്തില്‍ ഷാജഹാന്റെ കാലിലും കയ്യിലും ആഴത്തില്‍ മുറിവേറ്റിരുന്നു. വാളും കത്തിയും ഉള്‍പ്പെടെയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങളാണ് കൊലയ്ക്ക് ഉപയോഗിച്ചത്. ചെറുതും വലുതുമായി പന്ത്രണ്ട് മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്.  തിരിച്ച് ആക്രമിക്കുമെന്നു ഭയന്ന് ഷാജഹാന്‍ രക്തം വാര്‍ന്ന് നിലത്ത് വീഴുന്നത് വരെ അക്രമികള്‍ വലയം തീര്‍ത്ത് നിന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com