ദിലീപ് ജഡ്ജിയുമായി ബന്ധമുണ്ടാക്കി, നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ല; നടി ഹൈക്കോടതിയില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 20th August 2022 10:10 AM  |  

Last Updated: 20th August 2022 10:10 AM  |   A+A-   |  

dileep bail

ഫയല്‍ ചിത്രം

 

കൊച്ചി: കേസിലെ എട്ടാം പ്രതിയായ ദിലീപ് വിചാരണക്കോടതി ജഡ്ജിയുമായും എക്‌സൈസ് സിഐ ആയ അവരുടെ ഭര്‍ത്താവുമായും ബന്ധമുണ്ടാക്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ സത്യസന്ധമായ വിചാരണ നടക്കില്ലെന്ന ആശങ്കയുണ്ടെന്നും ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍. കോടതി മാറ്റം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ നടി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതായി, ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ജഡ്ജിയുമായും കസ്റ്റഡി മര്‍ദന കേസില്‍ ആരോപണ വിധേയനായ ഭര്‍ത്താവുമായും ദിലീപും കൂട്ടാളികളും ബന്ധമുണ്ടാക്കിയിട്ടുണ്ടെന്നു വ്യക്തമാവുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്ന് നടി ഹര്‍ജിയില്‍ പറയുന്നു. ദിലീപീന്റെ ഫോണില്‍ നിന്നു തന്നെ കിട്ടിയ ഈ തെളിവുകള്‍ വിചാരണക്കോടതി ജഡ്ജി അവഗണിക്കുകയാണ്. പ്രതികള്‍ ജഡ്ജിയുമായി ബന്ധമുണ്ടാക്കിയെന്നാണ് ഫോണ്‍ സംഭാഷണങ്ങള്‍ വ്യക്തമാക്കുന്നത്. 'തേടിയ വള്ളി കാലില്‍ ചുറ്റിയെന്നാന്ന്്' ജഡ്ജിയുമായി ബന്ധമുണ്ടാക്കിയതിനെക്കുറിച്ച് ഫോണ്‍ സംഭാഷണങ്ങളില്‍ ഒരാള്‍ ദിലീപിനോടു പറയുന്നത്. ജഡ്ജിയുടെ ഭര്‍ത്താവിന് എതിരായ കസ്റ്റഡി പീഡന ആരോപണവും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് അവര്‍ നമ്മുടെ വക്കീലിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒരു പേടിയും വേണ്ടെന്നും ഫോണ്‍ സംഭാഷണത്തിലുണ്ട്- ഹര്‍ജിയില്‍ പറയുന്നു. ജഡ്ജിയുമായി ആത്മബന്ധമുണ്ടാക്കാനായി എന്നാണ് ഫോണ്‍ സംഭാഷണത്തിലെ പരാമര്‍ശം.

കോടതിയുടെ കസ്റ്റഡിയില്‍ ഉള്ള, ആക്രമണ ദൃശ്യങ്ങള്‍ ഏതു സമയത്തും പുറത്തുവരാം എന്ന ഭീതിയിലാണ് താന്‍ കഴിയുന്നതെന്നും നടി ഹര്‍ജിയില്‍ പറയുന്നു. കോടതിയുടെ കസ്റ്റഡിയില്‍ ഉള്ള മെമ്മറി കാര്‍ഡ്, 2021 ജുലൈ 19ന് വിവൊ ഫോണില്‍ നിയമവിരുദ്ധമായി തുറന്നിട്ടുണ്ടെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായതാണ്. ഈ ജഡ്ജിയില്‍നിന്ന് നീതി ലഭിക്കും എന്നുള്ള പ്രതീക്ഷ അസ്തമിച്ചതായും നടി ഹൈക്കോടതിയെ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വടകര കസ്റ്റഡിമരണം: രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ