അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ ചത്ത എലിയെയും പുഴുക്കളെയും കണ്ടെത്തിയ സംഭവം: രണ്ടു ജീവനക്കാർക്ക് സസ്പെൻഷൻ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2022 06:24 PM  |  

Last Updated: 22nd August 2022 06:24 PM  |   A+A-   |  

WATER_TANK

അങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ മാലിന്യം, വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

തൃശ്ശൂർ: അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ ചത്ത എലിയേയും പുഴുക്കളേയും കണ്ടെത്തിയ സംഭവത്തിൽ രണ്ട് അങ്കണവാടി ജീവനക്കാരെ സസ്പെൻഡ‍് ചെയ്തു. ചേലക്കര പാഞ്ഞാൾ തൊഴുപ്പാടം 28-ാംനമ്പർ അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ നിന്നാണ് ചത്ത എലിയുടെയും പുഴുക്കളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പാഞ്ഞാൾ ആരോഗ്യ വകുപ്പിന്റെയും, പാഞ്ഞാൾ ഗ്രാമ പഞ്ചായതിന്റെയും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അങ്കണവാടിയിലെ രണ്ട് ജീവനക്കാർ സംഭവത്തിൽ ഗുരുതര വീഴ്ച നടത്തി എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. അങ്കണവാടിയുടെ തത്കാലിക ചുമതല തൊട്ടടുത്തുള്ള അംഗൻവാടി ജീവനക്കാർക്ക് കൈമാറിയതായി വാർഡ് മെമ്പർ പി എം മുസ്തഫ അറിയിച്ചു. 

കുട്ടികൾക്ക്  അസുഖം വിട്ടുമാറാത്തതിനെ തുടർന്ന് അങ്കണവാടിയിലെത്തിയ രക്ഷിതാക്കൾ നടത്തിയ പരിശോധനയിലാണ് മലിനമായ വെള്ളമാണ് കുട്ടികൾക്ക് നൽകിയതെന്ന് കണ്ടെത്തിയത്.  രക്ഷിതാക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ അങ്കണവാടിയിലെത്തി പരിശോധന നടത്തി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ അങ്കണവാടിയുടെ അടുക്കളയിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫെയറിന്റെ ഉള്ളിൽ ചത്ത പല്ലിയേയും കണ്ടെത്തുകയായിരുന്നു. 

സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി അങ്കണവാടിയിൽ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും രാവിലെ വന്നപ്പോഴാണ് കെട്ടിടത്തിൻറെ മുകളിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കിനുള്ളിൽ പരിശോധിച്ചത്. രക്ഷിതാക്കൾ ആരോഗ്യ വകുപ്പിനും പൊലീസിനും പരാതി നൽകി. തുടർന്ന് ആരോഗ്യ വകുപ്പിലെ ജീവനക്കാരും പരിശോധന നടത്തി.

അടുക്കളയിലെ വാട്ടർ പ്യൂരിഫിയറിന് ഉള്ളിൽ നിന്ന് ചത്ത പല്ലിയെയും കണ്ടെത്തി. വാട്ടർ ടാങ്ക് നീക്കം ചെയ്യാതെ കുട്ടികളെ ഇനി അങ്കണവാടിയിലേക്ക് വിടുകയിലെന്നാണ് രക്ഷിതാക്കളുടെ നിലപാട്. ടീച്ചർ ഉൾപ്പടെ രണ്ടുപേരാണ് അങ്കണവാടിയിലുണ്ടായിരുന്നത്. ആറ് കുട്ടികളാണ് ഇവിടെ വരുന്നത്. സംഭവത്തെ തുടർന്ന് അങ്കണവാടി അടച്ചിട്ടിരിക്കുകയായിരുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ തോക്കു ചൂണ്ടി കവർച്ചാശ്രമം; തടഞ്ഞ പൊലീസിന് നേരെയും തോക്കുചൂണ്ടി, മോഷ്ടാക്കള്‍ രക്ഷപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ