കടലിലും കരയിലും സമരം; വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുന്നത് നൂറു വള്ളങ്ങള്‍, പദ്ധതി പ്രദേശം വളയാന്‍ മത്സ്യ തൊഴിലാളികള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2022 10:32 AM  |  

Last Updated: 22nd August 2022 10:32 AM  |   A+A-   |  

vizhinjam protest

വീഡിയോ സ്‌ക്രീന്‍ഷോട്ട്


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരായ സമരം കടുപ്പിച്ച് മത്സ്യ തൊഴിലാളികള്‍. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ കരയിലും കടലിലും ഒരേസമയം ഉപരോധം ആരംഭിച്ചു. നൂറു വള്ളങ്ങളിലായി പൂന്തുറയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് മത്സ്യ തൊഴിലാളികള്‍ പുറപ്പെട്ടു. 

വിഴിഞ്ഞം തുറമുഖ കവാടത്തിലും ഉപരോധം തുടരുകയാണ്. പുനരധിവാസം അടക്കമുള്ള വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിതല സമിതി ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെയാണ് മത്സ്യ തൊഴിലാളികള്‍ സമരം കടുപ്പിക്കുന്നത്. 

കടലിലൂടെ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം വളയാനാണ് മത്സ്യ തൊഴിലാളികളുടെ തീരുമാനം. ചെറുവെട്ടുകാട്, വലിയതുറ, ചെറിയതുറ, പൂന്തുറ എന്നീ ഇടവകകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. 

സമരം അവസാനിപ്പിക്കാനായി കഴിഞ്ഞദിവസം മന്ത്രി വി അബ്ദു റഹ്മാനുമായി ലത്തീന്‍ കത്തോലിക്ക സഭ നടത്തിയ ചര്‍ച്ചയില്‍ ഏഴ് ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഇതില്‍ അഞ്ചെണ്ണം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. തുറമുഖ നിര്‍മ്മാണം നിര്‍ത്തിച്ചു തീരശോഷണത്തെക്കുറിച്ചു പഠിക്കുക, മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി എന്നീ ആവശ്യങ്ങളില്‍ തീരുമാനമായില്ല.

ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസര മൊരുക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ചര്‍ച്ച തൃപ്തികരമായിരുന്നെങ്കിലും മുഴുവന്‍ ആവശ്യങ്ങളും നേടിയെടുക്കുന്നതു വരെ സമരം തുടരുമെന്ന് അതിരൂപതാ വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്.പെരേര വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ ഞാറയ്ക്കല്‍ സിപിഐ ഓഫീസ് ആക്രമണം; സിപിഎം ഏരിയ സെക്രട്ടറി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് എതിരെ കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ