അട്ടപ്പാടി മധു വധക്കേസ്: മൂന്ന് പ്രതികളെ ഉടന്‍ മോചിപ്പിക്കണം; ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

അട്ടപ്പാടി മധു വധക്കേസില്‍ ജാമ്യം റദ്ദാക്കി ജയിലിലടച്ച മൂന്ന് പ്രതികളെ ഉടന്‍ മോചിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്
കൊല്ലപ്പെട്ട മധു/ ഫയൽ ചിത്രം
കൊല്ലപ്പെട്ട മധു/ ഫയൽ ചിത്രം

കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ ജാമ്യം റദ്ദാക്കി ജയിലിലടച്ച മൂന്ന് പ്രതികളെ ഉടന്‍ മോചിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കേസില്‍ പ്രതികളായ ബിജു, അനീഷ്, സിദ്ദിഖ് എന്നിവര്‍ക്കാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച മറ്റു ഹര്‍ജികള്‍ക്ക് ഒപ്പം ഇവരുടെ ഹര്‍ജിയും ഹൈക്കോടതി പരിഗണിക്കും.

നേരത്തെ, പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ജാമ്യം റദ്ദാക്കിയതിനെതിരെ രണ്ടു പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഇതിന് പിന്നാലെയാണ് മൂന്ന് പ്രതികളെ ഉടന്‍ മോചിപ്പിക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. 

കേസില്‍ ഹൈക്കോടതിയാണ് നേരത്തെ പ്രതികള്‍ക്കു ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിക്ക് ഇതെങ്ങനെ റദ്ദാക്കാനാവുമെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ആരാഞ്ഞു. കേസിലെ രണ്ട്, അഞ്ച് പ്രതികളായ മരക്കാര്‍, രാധാകൃഷ്ണന്‍ എ്ന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിച്ചത്.

ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതി കഴിഞ്ഞയാഴ്ച പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. 

കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടര്‍ക്കഥയായ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. പ്രതികളുടെ സ്വാധീനത്താലാണ് സാക്ഷികള്‍ കൂറുമാറിയതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതിനു തെളിവായി ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഹാജരാക്കി.

പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com