'ഗവര്‍ണര്‍  മോദി ഭരണത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാനുള്ള ഭാവത്തില്‍'; രൂക്ഷവിമര്‍ശനവുമായി കോടിയേരി

ഗവര്‍ണറും എല്‍ഡിഎഫ് സര്‍ക്കാരും രണ്ടു പക്ഷത്തായി നിലയുറപ്പിച്ചിരിക്കുന്നു
ഗവര്‍ണര്‍, കോടിയേരി/ ഫയല്‍
ഗവര്‍ണര്‍, കോടിയേരി/ ഫയല്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മോദി ഭരണത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാനുള്ള ഭാവമാണ് ആരിഫ് മൊഹമ്മദ് ഖാന്‍ പ്രകടിപ്പിക്കുന്നത്. ഗവര്‍ണറും എല്‍ഡിഎഫ് സര്‍ക്കാരും രണ്ടു പക്ഷത്തായി നിലയുറപ്പിച്ചിരിക്കുന്നുവെന്നും കോടിയേരി സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ഗവർണർ പദവിയെ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയക്കളിക്കുള്ള ഉപകരണമാക്കി അധഃപതിപ്പിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിനും ഫെഡറൽ സംവിധാനത്തിനും ഹാനികരമാണ്. ഗവർണർ സാധാരണഗതിയിൽ സംസ്ഥാനത്തിന്റെ ‘വ്യവസ്ഥാപിത' തലവൻ മാത്രമാണെന്ന് ഡോ ബി ആർ അംബേദ്കർ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനാധിപത്യ വ്യവസ്ഥയിൽ അധിഷ്ഠിതമായ ഒരു സർക്കാർ നിലവിലുള്ളപ്പോൾ ഗവർണർ യഥാർഥ അധികാരിയായി ചമയുന്നത് അപഹാസ്യമാണ്.

കുറച്ചുകാലമായി ഗവർണർ സംസ്ഥാനത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്നത് തർക്കമറ്റ വസ്തുതയാണ്. കേന്ദ്രത്തിലെ ആർഎസ്എസ്- ബിജെപി ഭരണത്തെ തൃപ്തിപ്പെടുത്തുന്നതിനും വ്യക്തിപരമായ താൽപ്പര്യങ്ങൾക്കുംവേണ്ടിയാണ് ഇത്. ഗവർണറുടെ ഭാഗത്തുനിന്ന് സംഭവിക്കാൻ പാടില്ലാത്ത സമീപനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെല്ലാം  സർക്കാരും മുഖ്യമന്ത്രിയും തികഞ്ഞ ക്ഷമാശീലവും സംയമനവും പാലിച്ച് ‘സ്‌ഫോടനാവസ്ഥ' ഒഴിവാക്കുകയായിരുന്നു.

ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കമ്യൂണിസ്റ്റുവിരുദ്ധ ജ്വരം പടർത്തുകയാണ് ഗവർണർ ചെയ്യുന്നത്. മോദി സർക്കാരിന്റെ ചട്ടുകമായ ഗവർണർക്ക് ചൂട്ടുപിടിക്കുകയാണ് കോൺഗ്രസ്. ജനങ്ങൾ തെരഞ്ഞെടുത്ത മന്ത്രിസഭ നിലനിൽക്കെ  സമാന്തരഭരണം അടിച്ചേൽപ്പിക്കാൻ ഗവർണർക്ക് കഴിയില്ല. മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ മേലോ സ്വന്തം സാമ്രാജ്യമോ സമാന്തരഭരണമോ നടത്താൻ ഗവർണറെ ഭരണഘടന അനുവദിക്കുന്നില്ല. ഇത് മനസ്സിലാക്കുന്നതിൽ ആരിഫ് മുഹമ്മദ് ഖാന് വലിയ പിഴവ് പറ്റിയിട്ടുണ്ട്.

ഗവർണർ  റബർ സ്റ്റാമ്പോ, രാഷ്ട്രപതിക്കും സംസ്ഥാനമന്ത്രിസഭയ്ക്കും മധ്യേയുള്ള  തപാൽ ഓഫീസോ ആയി പരിമിതപ്പെടണമെന്ന് എൽഡിഎഫ് ശഠിക്കുന്നില്ല. എന്നാൽ, ഭരണഘടനയ്ക്ക് വിധേയമാകാതെ പ്രവർത്തിക്കുകയും വർത്തമാനം പറയുകയും ചെയ്യുന്നത് വഴിതെറ്റലാണ്. അത്തരം വളയമില്ലാത്ത ചാട്ടം ഗവർണർ അവസാനിപ്പിക്കണം.  ഗവർണർ ഏകാധിപതിയായി പെരുമാറരുത്.  സ്വന്തം കാര്യനിർവഹണത്തിൽ മന്ത്രിസഭയുടെ സഹായത്തോടെയും ഉപദേശത്തോടെയും പ്രവർത്തിക്കുകയാണ് ചെയ്യേണ്ടതെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com