കളർ പെൻസിൽ വിഴുങ്ങി, ചുമച്ച് അവശനായി ആറു വയസുകാരൻ; ജീവശ്വാസം നൽകി ആധ്യാപകർ, ജീവിതത്തിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th August 2022 06:46 AM  |  

Last Updated: 25th August 2022 06:48 AM  |   A+A-   |  

boy_swallowed_pencil

മലപ്പുറം; കളറിങ് പെൻസിൽ വിഴുങ്ങി അവശനിലയിലായ വിദ്യാർത്ഥിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് അധ്യാപകർ. സ്കൂളിൽ വച്ച് പെൻസിലിന്റെ ഒരു ഭാ​ഗം വിഴുങ്ങിയ കുട്ടി ചുമച്ച് അവശനാവുകയായിരുന്നു. ആശുപത്രിയിൽ എത്തുന്നതുവരെ ജീവശ്വാസമായി അധ്യാപകർ കൂടെ നിന്നതാണ് കുഞ്ഞിന് രക്ഷയായത്. 

ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ്‌വിഎയുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി പ്രണവ് (6) ആണ് അപകടത്തിൽ പെട്ടത്. കഴിഞ്ഞ ദിവസം സ്കൂൾ വിടാറായപ്പോഴാണു പ്രണവ് നിലയ്ക്കാതെ ചുമയ്ക്കുന്നത് അധ്യാപിക കെ.ഷിബിയുടെ ശ്രദ്ധയിൽപെട്ടത്. കുട്ടിയുടെ പോക്കറ്റിൽ കളറിങ് പെൻസിലിന്റെ ഒരുഭാഗം കണ്ടെത്തിയതോടെ ബാക്കി വിഴുങ്ങിയതാണെന്നു മനസ്സിലാക്കി. സ്കൂളിലെ അധ്യാപകനായ സുധീറിന്റെ വാഹനത്തിൽ ഒന്നര കിലോമീറ്റർ അകലെയുള്ള കല്ലമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. 

അവിടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. യാത്രയിലുടനീളം അധ്യാപകരായി ഷിബി, കെ.എ.ജിനി, സ്കൂൾ ജീവനക്കാരൻ ടി.താരാനാഥ്, ബിനോയ് എന്നിവർ കൃത്രിമശ്വാസം നൽകുന്നതു തുടർന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച വിദ്യാർഥിയുടെ വയറ്റിൽനിന്ന് എൻഡോസ്കോപ്പി വഴി പെൻസിൽ പുറത്തെടുത്തു. തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടി സുഖം പ്രാപിച്ചുവരുന്നു. പാറയിൽ കുഴിമ്പിൽ ജംഗീഷിന്റെ മകനാണ് പ്രണവ്. വിദ്യാർഥിയുടെ ചികിത്സാ ചെലവിന്റെ ഒരു ഭാഗം പ്രധാനാധ്യാപകൻ കെ.പി.മുഹമ്മദ് ഷമീമിന്റെ നേതൃത്വത്തിൽ സ്കൂളിൽനിന്നു സമാഹരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നിര്‍മ്മാണം കെഎംആര്‍എല്ലിന്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ