കൊച്ചിയിലെ എടിഎം മോഷണക്കേസ് പ്രതി പിടിയില്‍

ഇടപ്പള്ളിയില്‍ നിന്ന് പിടികൂടിയ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.
സിസി ടിവി ദൃശ്യം
സിസി ടിവി ദൃശ്യം

കൊച്ചി:  കൊച്ചിയിലെ വിവിധ എടിഎമ്മുകളില്‍ നിന്ന് പണം കവര്‍ന്ന പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ മുബാറക്ക് എന്നയാളാണ് പിടിയിലായത്. ഇടപ്പള്ളിയില്‍ നിന്ന് പിടികൂടിയ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. എടിഎം തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഉണ്ടോയെന്നതും ഉള്‍പ്പടെയുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നു. ഇയാള്‍ ഉപയോഗിച്ച ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

കൊച്ചിയിലെ 11 ഇടങ്ങളിലാണ് തട്ടിപ്പ് നടന്നത്. എടിഎമ്മിലെ പണം വരുന്ന ഭാഗത്ത് കൃത്രിമം നടത്തിയായിരുന്നു തട്ടിപ്പ്. കളമശ്ശേരി എടിഎമ്മില്‍ നിന്നും ഒരു ദിവസം കാല്‍ലക്ഷം രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്. 

കൊച്ചിയിലെ സൗത്ത് ഇന്‍ഡ്യന്‍ ബാങ്കിന്റെ എടിഎമ്മുകളിലാണ് വ്യാപക തട്ടിപ്പു നടന്നത്. 18-ാം തീയതിയാണ് കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനിലെ എടിഎമ്മില്‍ നിന്നും പണം തട്ടിയെടുത്തത്. ഇതില്‍ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് കൂടുതല്‍ സ്ഥലങ്ങളില്‍ തട്ടിപ്പു നടന്നതായി വ്യക്തമായത്. 

എടിഎമ്മിലെ പണം വരുന്ന ഭാഗം എന്തോ വെച്ച് തടസ്സപ്പെടുന്നു. ഇടപാടുകള്‍ പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ തുക പുറത്തേക്ക് വരില്ല. ഇതേത്തുടര്‍ന്ന് ഇടപാടുകാര്‍ എടിഎമ്മില്‍ നിന്നും പുറത്തേക്ക് പോകുമ്പോള്‍, മോഷ്ടാവ് ഉള്ളില്‍ കയറി പണം കൈക്കലാക്കുകയാണ് ചെയ്തിരുന്നത്. 

കളമശ്ശേരി എടിഎമ്മില്‍ നിന്നും ഏഴു തവണയായിട്ടാണ് കാല്‍ലക്ഷം രൂപ തട്ടിയെടുത്തത്. കളമശ്ശേരി എടിഎമ്മിലെ തട്ടിപ്പില്‍ ബാങ്ക് മാനേജരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പാലാരിവട്ടം, തൃപ്പൂണിത്തുറ തുടങ്ങിയ എടിഎമ്മുകളിലും തട്ടിപ്പു നടന്നതായാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. തട്ടിപ്പു നടത്തി പണം കൈക്കലാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com