'മാപ്പ് എഴുതി കീശയിലിട്ടു നടന്നാല്‍ കേള്‍ക്കാന്‍ നില്‍ക്കുന്നവരില്‍ ഞാനില്ല'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2022 12:00 PM  |  

Last Updated: 01st December 2022 12:00 PM  |   A+A-   |  

abdurahman

വി അബ്ദുറഹ്മാന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം

 

തിരുവനന്തപുരം: മാപ്പു കീശയില്‍ എഴുതിയിട്ടു നടന്നാല്‍ കേള്‍ക്കാന്‍ നില്‍ക്കുന്ന ആളുകളില്‍ താന്‍ ഇല്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. വര്‍ഗീയ പരാമര്‍ശത്തില്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് ഖേദപ്രകടനം നടത്തിയതില്‍, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. ഫാദര്‍ ഡിക്രൂസിന് എതിരായ നിയമനടപടികള്‍ നടക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

നാവിന് എല്ലില്ലാത്തവര്‍ വിളിച്ചു പറയുന്നത് കേള്‍ക്കുന്നവരുടെ നാടല്ല കേരളം. വിഴിഞ്ഞം സമരത്തിനു തീവ്രവാദ സ്വഭാവമുണ്ടെന്നു താന്‍ പറഞ്ഞിട്ടില്ല. വികസന പ്രവര്‍ത്തനത്തിന് എതിരായ സമരം ദേശദ്രോഹമാണെന്നാണ് പറഞ്ഞത്. ഇത് ഇനിയും പറയും. രാജ്യാന്തര നിലവാരത്തില്‍ വിഴിഞ്ഞം തുറമുഖം വരുന്നത് സംസ്ഥാനത്തെ സംബന്ധിച്ച് സാമ്പത്തികമായി ഏറെ ഗുണം ചെയ്യും. സര്‍ക്കാരിനു വരുമാനം കൂടും. അതിനു തടസ്സം നില്‍ക്കരുതെന്നാണ് പറഞ്ഞത്. 

''എനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എന്റെ പേരിലുള്ള അതേ അര്‍ഥം തന്നെയാണ് അയാളുടെ പേരിലും ഉള്ളത്. ഈ പറയുന്ന വ്യക്തിയുടെ പേരിന്റെ ലാറ്റിന്‍ അര്‍ഥം ഗൂഗിള്‍ ചെയ്തു നോക്കിയാല്‍ മതി. നാവിന് എല്ലില്ലെന്നു വച്ച് എന്തും വിളിച്ചു പറഞ്ഞ്, വൈകിട്ട് ഒരു മാപ്പ് എഴുതിയാല്‍ പൊതു സമൂഹം അംഗീകരിക്കുമെങ്കില്‍ അംഗീകരിക്കട്ടെ. ഞാന്‍ ഇതൊന്നും സ്വീകരിച്ചിട്ടില്ല. എന്നോട്ആരും മാപ്പു പറഞ്ഞിട്ടുമില്ല.എന്തു വൃത്തികേടും വിളിച്ചു പറയാനും ലൈസന്‍സ് ഉണ്ട് എന്ന അഹങ്കാരമാണ് ഇതിലൂടെ തെളിഞ്ഞത്. ആ അഹങ്കാരം നടക്കട്ടെ''- മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ശ്രമിച്ചു; ഫാദര്‍ ഡിക്രൂസിനെതിരെ എഫ്‌ഐആര്‍; ബിഷപ്പിനെതിരെ വീണ്ടും കേസ്; ശശികലയും പ്രതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ