വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ശ്രമിച്ചു; ഫാദര്‍ ഡിക്രൂസിനെതിരെ എഫ്‌ഐആര്‍; ബിഷപ്പിനെതിരെ വീണ്ടും കേസ്; ശശികലയും പ്രതി

മന്ത്രി വി അബ്ദുറഹിമാന് എതിരായ പരാമര്‍ശം ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടെന്നും എഫ്‌ഐആറില്‍ പറയുന്നു
ഫയല്‍ ചിത്രം: എക്‌സ്പ്രസ്
ഫയല്‍ ചിത്രം: എക്‌സ്പ്രസ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ശ്രമിച്ചെന്ന് പൊലീസിന്റെ എഫ്‌ഐആര്‍. ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ചേരിതിരിവിന് ശ്രമിച്ചു. മന്ത്രി വി അബ്ദുറഹിമാന് എതിരായ പരാമര്‍ശം ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടെന്നും എഫ്‌ഐആറില്‍ പറയുന്നു. 

മതത്തിന്റെയും വംശത്തിന്റെയും പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു. ആളുകളെ പ്രകോപിപ്പിച്ച് സമാധാനലംഘനം ഉണ്ടാക്കാനായിരുന്നു ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് ശ്രമിച്ചതെന്നും എഫ്‌ഐആറില്‍ കുറ്റപ്പെടുത്തുന്നു. വിവാദ പ്രസംഗത്തില്‍ ഫാദര്‍ ഡിക്രൂസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രസംഗത്തില്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസും ലത്തീന്‍ അതിരൂപയും ഇന്നലെ ക്ഷമാപണം നടത്തിയിരുന്നു. 

അതിനിടെ, തുറമുഖ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് നെറ്റോക്കെതിരെ വിഴിഞ്ഞം പൊലീസ് രണ്ടു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇന്നലെ വിഴിഞ്ഞം തുറമുഖത്തില്‍ അതിക്രമിച്ച് കയറിയതിനാണ് കേസെടുത്തത്. തുറമുഖത്തിലേക്കുള്ള വഴി തടസ്സപ്പെടുത്തിയതാണ് രണ്ടാമത്തെ കേസ്. രണ്ടു കേസുകളിലും ബിഷപ്പ് തോമസ് നെറ്റോയാണ് ഒന്നാം പ്രതി. 

വിഴിഞ്ഞത്ത് പൊലീസ് വിലക്ക് ലംഘിച്ച് മാര്‍ച്ച് നടത്തിയതിന് ഹിന്ദു ഐക്യവേദിക്കും, സംഘടന സംസ്ഥാന അധ്യക്ഷ കെ പി ശശികലയ്ക്കും എതിരെ പൊലീസ് കേസെടുത്തു. കെപി ശശികലയാണ് ഒന്നാം പ്രതി. കണ്ടാലറിയാവുന്ന 700 പേരെ പ്രതികളാക്കിയിട്ടുണ്ട്. മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. 

വിഴിഞ്ഞം സംഘര്‍ഷത്തില്‍ ശക്തമായ നടപടിയെന്ന് ഡിജിപി അനില്‍ കാന്ത് പറഞ്ഞു. സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസ് സമയബന്ധിതമായി പരിശോധിക്കും. പൊലീസുകാര്‍ക്കെതിരെ ആക്രമണം നടത്തിയവരെ കണ്ടെത്താന്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ്. ഗൂഢാലോചനയിലും അന്വേഷണം നടക്കുകയാണ്. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യം സംഘര്‍ഷത്തിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com