പിണറായി സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ മോദിക്ക് അഞ്ചുമിനിറ്റുപോലും വേണ്ട: കെ സുരേന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2022 08:13 PM  |  

Last Updated: 01st December 2022 08:13 PM  |   A+A-   |  

k_surendran

വീഡിയോ സ്‌ക്രീന്‍ഷോട്ട്/ ബിജെപി കേരളം ഫെയ്‌സ്ബുക്ക്


കണ്ണൂര്‍: മോദി അയച്ച ഗവര്‍ണറാണ് കേരളത്തിലുള്ളതെന്ന് സിപിഎം മറന്നു പോകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.  നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കേരള സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മോദി സര്‍ക്കാറിന് അഞ്ച് മിനിറ്റ് സമയം വേണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബിജെപിയെ ആക്രമിച്ച് പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ കേരളത്തിലുണ്ട്. സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭമാണ്. പിണറായി വിജയന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയ പതനത്തിന്റെ തുടക്കം സര്‍വകലാശാലകളിലൂടെ തുടങ്ങിയിരിക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാനെ മന്‍മോഹന്‍ സിങ്ങല്ല അയച്ചത്, നരേന്ദ്ര മോദിയാണ് അദ്ദേഹത്തെ അയച്ചതെന്ന് കേരളത്തിലെ പിണറായി സര്‍ക്കാര്‍ മറന്നുപോകരുത്. നിയമവാഴ്ച അംഗീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പിണറായി വിജയനും കേരളത്തില്‍ പരാജയപ്പെടേണ്ടി വരും. തെറ്റായ കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടും. നിയമം എല്ലാവര്‍ക്കും ബാധകമാണ്. 

നിയമപ്രകാരമാണ് നരേന്ദ്ര മോദിയുടെ കീഴില്‍ എല്ലാ കാര്യങ്ങളും നടക്കുന്നത്. നിയമപ്രകാരമല്ല നിങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ നിങ്ങളുടെ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ നരേന്ദ്ര മോദിക്ക് അഞ്ച് മിനുട്ട് പോലും വേണ്ട. അക്രമവും നിയമവാഴ്ച ലംഘിച്ചും ഭരണഘടനയെ ലംഘിച്ചുമുള്ള പ്രവര്‍ത്തനം ജനങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.