ദുരന്തങ്ങള്‍ അഴിമതി നടത്താനുള്ള മറയാക്കരുത്; അന്വേഷണത്തെ എന്തിന് ഭയക്കണം?, പിപിഇ കിറ്റ് വിവാദത്തില്‍ ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2022 02:40 PM  |  

Last Updated: 01st December 2022 02:40 PM  |   A+A-   |  

High court

ഫയല്‍ ചിത്രം

 

കൊച്ചി: അഴിമതി ആരോപണ പരാതികള്‍ പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. പിപിഇ കിറ്റ് അഴിമതി ആരോപണത്തില്‍ ലോകായുക്ത അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം, ദുരന്തങ്ങള്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്താനുള്ള മറയാക്കരുത് എന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. 

ദുരന്തകാലത്ത് ആര്‍ക്കും എന്തും ചെയ്യാമെന്ന് കരുതരുത്. അന്വേഷണത്തെ എന്തിനാണ് ഭയപ്പെടുന്നതെന്നും കോടതി ചോദിച്ചു. പിപിഇ കിറ്റ് വാങ്ങിയത് ഉയര്‍ന്ന നിരക്കിലാണെന്ന് പരാതിയുണ്ട്. ഇതിന്റെ സത്യാവസ്ഥ ജനങ്ങള്‍ അറിയണം. അതുകൊണ്ടുതന്നെ അന്വേഷണം നടക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. വാദം പൂര്‍ത്തിയായ ഹര്‍ജി, കോടതി വിധി പറയാനായി മാറ്റി. 

പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും എതിരെ ലോകായുക്ത അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ശൈലജയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. കെകെ ശൈലജയും മരുന്നു വാങ്ങലിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനി പ്രതിനിധികളും ചേര്‍ന്ന് അഴിമതി നടത്തി എന്നാണ് ആരോപണം. 450 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്കാണ് വാങ്ങിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണാ നായര്‍ ലോകായുക്തയ്ക്ക് നല്‍കിയ പരാതി.

ഈ വാർത്ത കൂടി വായിക്കൂ 'മാപ്പ് എഴുതി കീശയിലിട്ടു നടന്നാല്‍ കേള്‍ക്കാന്‍ നില്‍ക്കുന്നവരില്‍ ഞാനില്ല'

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ