ആര് കാർ ഓടിക്കും? മദ്യപാനത്തിന് പിന്നാലെ സുഹൃത്തുകൾ തമ്മിൽ വാക്കേറ്റം, അടിപിടി; ഒരാൾ മരിച്ചു

ബാറിൽ നിന്ന് മ​ദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വാഹനം ഓടിക്കുന്നതിനെച്ചൊല്ലി തർക്കം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ

കൊച്ചി: കാർ ഓടിക്കുന്നതിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിലുണ്ടായ അടിപിടിയിൽ പരിക്കേറ്റയാൾ മരിച്ചു. മേക്കടമ്പ് ​ഗോകുലം വീട്ടിൽ കെഎസ് ശശിധരൻ (69) ആണ് മരിച്ചത്. സുഹൃത്തും അയൽവാസിയുമായ നേര്യന്തറ വീട്ടിൽ ജോജനെ (57) പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു. 

29ന് വൈകീട്ടാണ് സംഭവം. ബാറിൽ നിന്ന് മ​ദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വാഹനം ഓടിക്കുന്നതിനെച്ചൊല്ലി തർക്കം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ആര് കാർ ഓടിക്കും എന്നതിനെച്ചൊല്ലിയായിരുന്നു തർക്കം. വാക്കേറ്റം മൂത്തതോടെ ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് മൂവാറ്റുപുഴ പഴയ ഫയർ സ്റ്റേഷനു സമീപം കാർ നിർത്തി മറ്റൊരു വാഹനത്തിൽ കയറിപ്പോയി. 

ഇതോടെ ഇരുവരും കാറിൽ നിന്നിറങ്ങി റോഡിൽ നാട്ടുകാർ നോക്കി നിൽക്കെ തർക്കം തുടർന്നു. അടിപിടിയിൽ എത്തിയതോടെ പരിക്കേറ്റ ശശിധരൻ റോഡിൽ കുഴഞ്ഞു വീണു. ഉടനെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. 

വർഷങ്ങളായി സുഹൃത്തുക്കളും അയൽവാസികളുമായിരുന്നു ഇരുവരും. ജോജന്റെ കാർ മറ്റൊരു കാറിൽ ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ശശിധരന്റെ കാറിൽ ഇരുവരും പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടതായിരുന്നു. അതിനിടെയാണ് മദ്യപിച്ചത്. 

ശശിധരന്റെ മൃത​ദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. എംബി സുധയാണ് ശശിധരന്റെ ഭാര്യ. മക്കൾ; അനിൽ, സുനിൽ, മിനി. മരുമക്കൾ: സിബി, പിവി മീര, അദ്വൈത്. 

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com