വിഴിഞ്ഞം തുറമുഖ സമരത്തിനെതിരെ എല്‍ഡിഎഫ് ജാഥ, വര്‍ക്കലയില്‍ നിന്ന് വിഴിഞ്ഞത്തേയ്ക്ക്; ആനാവൂര്‍ നാഗപ്പന്‍ നയിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2022 05:18 PM  |  

Last Updated: 04th December 2022 05:18 PM  |   A+A-   |  

Vizhinjam port protest

വിഴിഞ്ഞം സമരം, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ പ്രചാരണജാഥയുമായി എല്‍ഡിഎഫ്. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ തിരുവനന്തപുരത്താണ് ജാഥ. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നയിക്കുന്ന ജാഥ വര്‍ക്കലയില്‍ നിന്ന് തുടങ്ങി വിഴിഞ്ഞത്ത് സമാപിക്കും. 

പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്ന നിലപാട് ജനങ്ങളോട് വിശദീകരിക്കാനാണ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ജില്ലാ ജാഥ. സംഘര്‍ഷത്തിന്റെ പേരില്‍ മത്സ്യത്തൊഴിലാളികളെ ക്രൂശിക്കില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ വൈകാരികമായി ഇളക്കിവിട്ടതാണെന്നും ആനാവൂര്‍ ആരോപിച്ചു.

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ 137 ദിവസമായി നടത്തുന്ന സമരം സംബന്ധിച്ച് അനുരഞ്ജന ചര്‍ച്ചകള്‍ പല തട്ടില്‍ ആരംഭിച്ചിട്ടുണ്ട്. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ മുഖ്യമന്ത്രി പിണറായി വിജയനുമായി ശനിയാഴ്ച വൈകിട്ട് കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ നേതൃത്വം ഉച്ചയോടെ ചീഫ് സെക്രട്ടറി വി പി ജോയിയുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണു കര്‍ദിനാള്‍ മുഖ്യമന്ത്രിയെ കണ്ടത്. തിങ്കളാഴ്ച സമരസമിതിയെയും അതിരൂപതാ നേതൃത്വത്തെയും മറ്റും പങ്കെടുപ്പിച്ച് വിശദമായ ചര്‍ച്ച നടന്നേക്കും. അനുനയ നീക്കങ്ങള്‍ പുരോഗമിച്ചാല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യവും ചര്‍ച്ചയില്‍ ഉണ്ടായേക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഭരണഘടനയ്‌ക്കെതിരായ വിവാദ പ്രസംഗം: 'തെളിവില്ല', സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കാന്‍ നീക്കം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ