

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ സമവായ നീക്കത്തിന് സര്‍ക്കാര്‍ ശ്രമം ഊര്‍ജ്ജിതമായി. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരുടെ യോഗം വിളിച്ചു. വിഴിഞ്ഞം വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയ മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചത്. വൈകീട്ട് അഞ്ചുമണിക്കാണ് യോഗം ചേരുക.
മന്ത്രിസഭ ഉപസമിതി യോഗം ചേര്‍ന്നതിനു ശേഷം ഇന്നു തന്നെ സമരസമിതിയുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന. മന്ത്രി ആന്റണി രാജു കര്‍ദിനാള്‍ മാര്‍ ക്ലിമീസ് കാതോലിക്കബാവയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ ക്ലിമ്മീസ് കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ ചില അനുരഞ്ജന ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതില്‍ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര തുടങ്ങിയവരും പങ്കെടുത്തിരുന്നു.
വീട് ഒഴിഞ്ഞതിനെത്തുടര്‍ന്ന് വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്ക് 5500 രൂപ വാടക നല്‍കാമെന്നാണ് സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്ന വാഗ്ദാനം. ഇത് പോരാ, 2500 രൂപ കൂടി കൂട്ടി നല്‍കണമെന്നാണ് ഉയര്‍ന്നു വന്നിട്ടുള്ള ഒരു ആവശ്യം. അദാനി ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും ഈ തുക സര്‍ക്കാര്‍ വാങ്ങി തൊഴിലാളികള്‍ക്ക് നല്‍കുക എന്ന നിര്‍ദേശമാണ് സര്‍ക്കാരിന് മുന്നിലുള്ളത്.
വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ ഉടന്‍ തീരുമാനം ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ കടുത്ത നടപടിയിലേക്ക് പോകില്ലെന്ന് സര്‍ക്കാര്‍ ലത്തീന്‍ അതിരൂപതയ്ക്ക് വാഗ്ദാനം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. തീരശോഷണം പഠിക്കുന്ന സര്‍ക്കാര്‍ നിയോഗിച്ച സമിതിയില്‍ പ്രാദേശിക വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തണമെന്നും ലത്തീന്‍ അതിരൂപത ആവശ്യപ്പെടുന്നുണ്ട്.
തീരശോഷണം പഠിക്കുന്നതിന് സമരസമിതിയും ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുമായി സര്‍ക്കാര്‍ നിയോഗിച്ച സമിതി ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താമെന്നാണ് സര്‍ക്കാര്‍ തലത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള മറ്റൊരു നിര്‍ദേശം. മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി സമരസമിതി വൈകീട്ട് മൂന്നുമണിക്ക് വെള്ളയമ്പലം ബിഷപ്പ് ഹൗസില്‍ യോഗം ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
'സമരം അപമാനകരമായ സാഹചര്യത്തിലേക്ക് കടന്നു'
അതിനിടെ വിഴിഞ്ഞം വിഷയം ഇന്ന് നിയമസഭയിലും ഉന്നയിക്കപ്പെട്ടു. സിപിഎമ്മിലെ കടകംപള്ളി സുരേന്ദ്രനാണ് വിഷയം ശ്രദ്ധ ക്ഷണിക്കലായി സഭയില്‍ ഉന്നയിച്ചത്. തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം അപമാനകരമായ സാഹചര്യത്തിലേക്ക് കടന്നെന്ന് കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
വിഴിഞ്ഞം തുറമുഖം വികസനത്തിന് അനിവാര്യമാണ്. ഏതാനും ചില മാസം കൂടി കഴിയുമ്പോള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുന്ന പദ്ധതി പെട്ടെന്ന് നിര്‍ത്തി വയ്ക്കണമെന്ന് പറയുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. മത്സ്യതൊഴിലാളികളുടെ ആശങ്ക തീര്‍ത്ത് തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.
വിഴിഞ്ഞത്തേയും പരിസര പ്രദേശങ്ങളിലേയും പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ടെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ മറുപടിയായി നിയമസഭയെ അറിയിച്ചു. ലത്തീന്‍ സഭയുടെ ആവശ്യങ്ങളോട് പ്രായോഗിക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പദ്ധതി പൂര്‍ത്തീകരണത്തിന് തൊട്ടുമുമ്പാണ് സമരം പൊട്ടിപ്പുറപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
ഈ റിപ്പോർട്ട് കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates