'ഐപിഎസ് ഓഫീസർമാരുടെ പട്ടിയെ കുളിപ്പിക്കാനും തുണി അലക്കാനും കടയിൽ പോകാനുമല്ല സിവിൽ പൊലീസുകാർ'
By സമകാലിക മലയാളം ഡെസ്ക് | Published: 06th December 2022 11:57 AM |
Last Updated: 06th December 2022 11:57 AM | A+A A- |

വീഡിയോ ദൃശ്യം
തിരുവനന്തപുരം: മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വീട്ടു ജോലി ചെയ്യാനായി പൊലീസുകാരെ പറഞ്ഞു വിടരുതെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ. കടയിൽ പോകാനും പട്ടിയെ കുളിപ്പിക്കാനും ഒക്കെ വേറെ നിയമനം നടത്തിക്കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയിൽ സംസാരിക്കവേ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ സേനാംഗങ്ങളുടെ കുറവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
പൊലീസ് സ്റ്റേഷനുകളിൽ സേനാംഗങ്ങളുടെ കുറവുണ്ട്. എന്തെങ്കിലും കുറ്റകൃത്യം നടന്നാൽ പൊലീസിന് പോകാൻ സാധിക്കുന്നില്ല. വിഴിഞ്ഞത്ത് സംഘർഷമുണ്ടായപ്പോൾ ഇത് പ്രതിഫലിച്ചതായും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് വിഭാഗത്തിൽ നിരവധി പേർ വെറുതെ ഇരിക്കുന്നുണ്ട്. ഒരോ ഐപിഎസ് ഉദ്യോഗസ്ഥന്റെ കൂടെയും നാല് പേരുണ്ട്. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ പലവ്യഞ്ജനം വാങ്ങിക്കാൻ പോകുന്നത് സിവിൽ പൊലീസ് ഓഫീസറാണ്. പട്ടിയെ കുളിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. ഐപിഎസ് ഓഫീസറുടെ മകൾ സിവിൽ പൊലീസ് ഓഫീസറെ തല്ലുന്നു. ഈ നാട്ടിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം.
ഇതു മാത്രമല്ല. ആ ഐപിഎസ് ഓഫീസറുടെ വീട്ടിലെ തുണികളെല്ലാം അലക്കി തൊട്ടിയിലെടുത്ത് ടെറസിൽ കൊണ്ടു പോയി വിരിച്ചിടുന്നതു ഒരു സീനിയർ സിവിൽ പൊലീസ് ഓഫീസറാണ്. ഡിഗ്രിയും എംഎയും എംബിഎയും പാസായവർ വരെ കേരള പൊലീസിൽ സിവിൽ പൊലീസ് ഓഫീസർമാരായുണ്ട്. ഇവരെക്കൊണ്ട് മുതിർന്ന ഉദ്യോഗസ്ഥരുടെ വീട്ടു ജോലി ചെയ്യിപ്പിക്കുന്ന ഇത്തരം പരിപാടികൾ അവസാനിപ്പിക്കണം.
ഉദ്യോഗസ്ഥർ മാത്രമല്ല രാഷ്ട്രീയക്കാരുമുണ്ട്. ജനങ്ങൾ തെരഞ്ഞെടുത്തവരെ ആ ജനങ്ങൾ തന്നെ കൊല്ലുമെന്ന് കേരളത്തിൽ പേടിക്കേണ്ട യാതൊരു കാര്യവുമില്ല. അതിനാൽ ജീവന് ഭീഷണിയില്ലാത്ത എല്ലാ പൊതുപ്രവർത്തകരും ഈ സബ്മിഷന് മുഖ്യമന്ത്രി മറുപടി പറഞ്ഞു കഴിഞ്ഞാൽ ഒപ്പമുള്ള ബോഡി ഗാർഡ്സിനെ തിരിച്ചയക്കണം.
രാഷ്ട്രീയക്കാർക്ക് ഗൺമാൻമാരെ വിടരുത്. മന്ത്രി സ്ഥാനം ഒഴിഞ്ഞവർ ഗൺമാൻമാരെ ഒഴിവാക്കണം. കേരള നിയമസഭയിൽ കഴിഞ്ഞ ആറ് വർഷമായി അംഗമല്ലാത്ത ആൾ പോലും നാല് പൊലീസുകാരെ കൂടെ കൊണ്ടു നടക്കുന്നുണ്ട്. ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.
വീട്ടു ജോലിക്ക് ആളെ നൽകാനാവില്ലെന്ന് മുഖ്യമന്ത്രി, എംഎൽഎയുടെ സബ്മിഷന് മറുപടി നൽകി. ഇക്കാര്യം ആ വീട്ടുകാർ തന്നെ നോക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടി പൊട്ടി, വന്‍ സുരക്ഷാ വീഴ്ച
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ