കോവളത്തെ വിദേശ വനിതയുടെ കൊലപാതകം; സഹോദരിക്ക് സര്‍ക്കാര്‍ പത്തുലക്ഷം രൂപ നല്‍കണമെന്ന് വിധി 

കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്ക് പത്തുലക്ഷം രൂപ നല്‍കാന്‍ വിധി
കേസില്‍ അറസ്റ്റിലായ പ്രതികള്‍
കേസില്‍ അറസ്റ്റിലായ പ്രതികള്‍
Published on
Updated on

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്ക് പത്തുലക്ഷം രൂപ നല്‍കാന്‍ വിധി. കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്ന് വിചാരണക്കോടതി ഉത്തരവിട്ടു. പ്രതികള്‍ക്ക് പിഴ ചുമത്തിയതിന് പുറമെയാണ് കോടതിയുടെ നിര്‍ദേശം. 

കേസില്‍ രണ്ടു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തമാണ് കോടതി ശിക്ഷയായി വിധിച്ചത്. പ്രതികള്‍ മരണം വരെ ജയില്‍ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഒരു ലക്ഷത്തി ആറുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. ഇതു കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് സര്‍ക്കാരും സഹോദരിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നത്.

പ്രതികളായ തിരുവനന്തപുരം വാഴമുട്ടം സ്വദേശികളായ ഉദയന്‍, ഉമേഷ് എന്നിവര്‍ കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച കോടതി വ്യക്തമാക്കിയിരുന്നു. രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കേസില്‍ കൊലപാതകം നടന്ന് നാലര വര്‍ഷമാകുമ്പോഴാണ് വിധി വരുന്നത്.പ്രതികള്‍ക്കെതിരായ ബലാത്സംഗം, കൊലപാതകം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം തെളിഞ്ഞതായി കോടതി കണ്ടെത്തി.

പോത്തന്‍കോട്ടെ ആയുര്‍വേദ കേന്ദ്രത്തില്‍ സഹോദരിക്കൊപ്പം ചികിത്സക്കെത്തിയ 40 കാരിയായ ലാത്വിയന്‍ യുവതിയാണ് കൊല്ലപ്പെട്ടത്. വിഷാദരോഗത്തിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു യുവതി. 2018 മാര്‍ച്ച് 14ന് കാണാതായ യുവതിയുടെ മൃതദേഹം ഏപ്രില്‍ 20ന് അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

കോവളത്തെത്തിയ യുവതിയെ പനത്തുറ സ്വദേശികളും ലഹരി സംഘാംഗങ്ങളുമായ ഉമേഷും ഉദയനും ചേര്‍ന്ന് ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേനെ കണ്ടല്‍ക്കാട്ടിലെത്തിച്ച് ലഹരി മരുന്ന് നല്‍കി ബലാത്സംഗം ചെയ്തശേഷം കഴുത്ത് ഞെരിച്ച് കൊന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 18 സാഹചര്യത്തെളിവുകളും 30 സാക്ഷി മൊഴികളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com