അനാശാസ്യം; 'ഇടപാടുകാരും' കുറ്റക്കാര്‍; ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2022 09:12 AM  |  

Last Updated: 09th December 2022 09:12 AM  |   A+A-   |  

High court

ഹൈക്കോടതി

 

കൊച്ചി: അനാശാസ്യ പ്രവര്‍ത്തനം തടയല്‍ നിയമ പ്രകാരമുള്ള കുറ്റം ഇടപാടുകാരനും ബാധകമാണെന്നു ഹൈക്കോടതി. നിശ്ചിത മേഖലകളില്‍ ഇത്തരം ബ്രോത്തല്‍ കേന്ദ്രങ്ങള്‍ പാടില്ലെന്നുള്ള ഏഴാം വകുപ്പിന്റെ പരിധിയില്‍ ഇടപാടുകാരനും ഉള്‍പ്പെടുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. ഇടപാടുകാരന്‍ കൂടി ഉള്‍പ്പെട്ടാല്‍ മാത്രമേ ലൈംഗിക ചൂഷണം നടക്കുകയുള്ളു. 

നിയമത്തിന്റെ ഏഴാം വകുപ്പ് പ്രകാരം ആരാധനാലയങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ 200 മീറ്റര്‍ പരിധിയില്‍ ഇത്തരം കേന്ദ്രങ്ങള്‍ പാടില്ലെന്നാണ് വ്യവസ്ഥ. ഇടപാടുകാരെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയാല്‍ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടുമെന്നു കോടതി വ്യക്തമാക്കി. 

കൊച്ചി നഗരത്തില്‍ ക്ഷേത്രത്തിന്റെ 175 മീറ്റര്‍ പരിധിയില്‍ ആയുര്‍വേദ ആശുപത്രിയുടെ മറവില്‍ അനാശാസ്യം നടത്തിയതായി ആരോപിച്ച് പിടിയിലായ മൂവാറ്റുപുഴ സ്വദേശി കേസ് റദ്ദാക്കാന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധി. സ്ത്രീകളെ ഉള്‍പ്പെടെ പ്രതി ചേര്‍ത്ത് 2004ലാണ് കേസ് എടുത്തത്. 

കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ഒന്നാം പ്രതിയെ ഇനിയും പിടികൂടിയിട്ടില്ല. സൂപ്പര്‍വൈസറായ രണ്ടാം പ്രതിയെ കോടതി വിട്ടയച്ചു. കേസില്‍ പ്രതികളായ സ്ത്രീകള്‍ക്ക് പിഴ ചുമത്തി. തനിക്കെതിരെ മാത്രമാണ് ഇപ്പോള്‍ കേസ് നിലവിലുള്ളതെന്നും ഇടപാടുകാരനായ തനിക്കെതിരെ അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഇടപാടുകാര്‍ എന്ന പദം നിയമത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നില്ലെന്നും വാദിച്ചു. 

എന്നാല്‍ നിയമത്തിന്റെ ഏഴ് (ഒന്ന്) വകുപ്പില്‍ പറയുന്ന വ്യക്തിയുടെ പരിധിയില്‍ ഇടപാടുകാര്‍ ഉള്‍പ്പെടുമെന്ന് കോടതി വിലയിരുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കടിപ്പിച്ച് കാട്ടുപന്നി വേട്ട; കേസ്; എഎപി നേതാവ് ഒളിവില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ