മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ സംസാരിക്കുന്നു/ സഭ ടിവി
മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ സംസാരിക്കുന്നു/ സഭ ടിവി

രാജ്യത്ത് ലഹരി ഉപയോഗം കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടിക ഇതാ...; കേരളം ഇല്ലെന്ന് മന്ത്രി 

കേരളം ലഹരിമാഫിയയുടെ പിടിയില്‍ എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് മന്ത്രി രാജേഷ് നിയമസഭയിൽ പറഞ്ഞു
Published on

തിരുവനന്തപുരം: ലഹരി മാഫിയയെ ദാക്ഷിണ്യമില്ലാതെ അടിച്ചമര്‍ത്തുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. സമീപകാല സംഭവങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമപ്പെടുന്നു എന്നത് ഗൗരവമേറിയ വിഷയമാണ്. 263 സ്‌കൂളുകളുടെ പരിസരത്ത് ലഹരി വില്‍പ്പന നടക്കുന്നുവെന്ന് കണ്ടെത്തി. എന്നാല്‍ കേരളത്തിലാണ് ലഹരി ഉപയോഗം കൂടുതലെന്ന അഭിപ്രായമില്ലെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

രാജ്യത്ത് ലഹരി ഉപയോഗം കൂടുതലുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ കേരളം ഇല്ല. കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് നടത്തിയ പഠനത്തില്‍, മൂന്നു വിഭാഗങ്ങളിലായി ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ മയക്കുമരുന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് എവിടെയൊക്കെയാണെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതു പ്രകാരം കഞ്ചാവ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അഞ്ചു സംസ്ഥാനങ്ങള്‍ യുപി, പഞ്ചാബ്, സിക്കിം, ഛത്തീസ് ഗഡ്, ഡല്‍ഹി എന്നിവയാണ്. 

ഒപ്പിയം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അഞ്ചു സംസ്ഥാനങ്ങള്‍ എല്ലാം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ്. സിന്തറ്റിക് ഡ്രഗ്‌സ് വരുന്ന വിഭാഗത്തില്‍ യുപി, മഹാരാഷ്ട്ര, പഞ്ചാബ്, ആന്ധ്ര പ്രദേശ്, ഗുജറാത്ത് എന്നിവയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അഞ്ചു സംസ്ഥാനങ്ങള്‍. ഇതിലും കേരളം ഉള്‍പ്പെടുന്നില്ല. 10 വയസ്സുമുതല്‍ 75 വയസ്സുവരെയുള്ളവര്‍ സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിക്കുന്നു എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

കേരളത്തിലാണ് ലഹരി ഉപയോഗം ഏറ്റവും കൂടുതല്‍ എന്ന പ്രതീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. കേരളം ലഹരിമാഫിയയുടെ പിടിയില്‍ എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. അതേസമയം ഇതിന്റെ ഗൗരവം സര്‍ക്കാര്‍ ഒട്ടും കുറച്ചു കാണുന്നില്ല. ഇതില്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ, മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ചുകൊണ്ട് ഒറ്റക്കെട്ടായി ലഹരിക്കെതിരായ ക്യാമ്പെയിനില്‍ സഹകരിക്കുന്നതെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. 

സര്‍ക്കാര്‍ നടത്തിയ ക്യാമ്പെയ്‌നിന്റെ ഏറ്റവും വലിയ ഗുണമെന്നത്, ഇത്തരം ശക്തികളെ ചോദ്യം ചെയ്യാന്‍ ആളുകള്‍ക്ക് ആത്മവിശ്വാസം ഉണ്ടായി എന്നതാണ്. ജനകീയ ക്യാമ്പെയിന്‍ വന്നതോടെ ജനങ്ങളുടെ ജാഗ്രത വര്‍ധിച്ചു. ഇതോടെ മയക്കുമരുന്ന് മാഫിയയുടെ അക്രമങ്ങളും ജനങ്ങള്‍ക്കെതിരെ ഉണ്ടാകുന്നുണ്ട്. തലശ്ശേരിയില്‍ മയക്കുമരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനം ചോദ്യം ചെയ്തതിന്റെ പേരിലാണ് സിപിഎം പ്രവര്‍ത്തകരായ ചിറമ്മല്‍ ഖാലിദ്, പി ഷമീര്‍ എന്നിവര്‍ കൊലചെയ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. 

ഇവര്‍ മയക്കുമരുന്നിനെതിരായ കേരളത്തിന്റെ ജനകീയപോരാട്ടത്തിന്റെ രക്തസാക്ഷികളാണ്.  ജനകീയ ക്യാമ്പെയ്‌ന് ഒപ്പം തന്നെ എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും സര്‍ക്കാര്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. പൊലീസും എക്‌സൈസും മയക്കുമരുന്ന് കടത്തിനും ഉപയോഗത്തിനും വില്‍പ്പനയ്ക്കുമെതിരെ തീവ്രമായ നടപടികളാണ് സ്വീകരിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 7177 എന്‍ഡിപിഎസ് കേസുകള്‍ എക്‌സൈസ് മാത്രം കണ്ടെത്തിയിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് 7123 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

പൊലീസ് ഈ വര്‍ഷം 24,563 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളിലായി 27,088 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിന് ശേഷം മാത്രം 805 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 798 പ്രതികളെ അറസ്റ്റ് ചെയ്യുകയും 60 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി രാജേഷ് നിയമസഭയെ അറിയിച്ചു. അതിനു പുറമെ, മയക്കുമരുന്ന് കേസുകളില്‍ സ്ഥിരം കുറ്റവാളികളായ 153 പേര്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്തെ ലഹരി വ്യാപനത്തിനെതിരെ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസിലെ മാത്യു കുഴല്‍നാടനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ലഹരിയുടെ ഉപയോഗവും അതുമൂലമുള്ള അതിക്രമങ്ങളും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com