എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; മൂന്ന് എസ്എഫ്‌ഐക്കാര്‍ അറസ്റ്റില്‍
കൊല്ലം: എസ്എന്‍ കോളജില്‍ എഐഎസ്എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇതേ കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥികളായ ഗൗതം, രഞ്ജിത്ത്, ശരത് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. എസ്എന്‍ കോളജ്, അടൂര്‍ ഐഎച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജ് എന്നിവിടങ്ങളില്‍ അക്രമം അരങ്ങേറി.
ആക്രമണത്തില്‍ 15 എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.ആക്രമണത്തില്‍ പ്രതിഷേധിച്ച് എഎസ്എഫ്ഐ ഇന്നലെ ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.
നട്ടെല്ലിനും സാരമായി പരിക്കേറ്റ മൂന്നാം വര്‍ഷ ബിഎ ഫിലോസഫി വിദ്യാര്‍ഥി നിയാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും അഞ്ച് പേര്‍ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. സംഘര്‍ഷത്തില്‍ തങ്ങളുടെ നാല് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു.
ബുധനാഴ്ച രാവിലെ 11.30ന് കാമ്പസിനുള്ളില്‍ വച്ചാണ് സംഭവമുണ്ടായത്. മരച്ചുവട്ടിലെ ബെഞ്ചിലിരിക്കുകയായിരുന്ന എഐഎസ്എഫ്കാരുടെ അടുത്തേക്ക് ആയുധങ്ങളുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചെല്ലുകയും ആക്രമിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തറയില്‍ നിന്ന് കല്ലെടുത്ത് തലയ്ക്കടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഇന്റേണല്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികളെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് എഐഎസ്എഫ് നേതാക്കള്‍ പറയുന്നു. ആക്രമിച്ചവരില്‍ കോളജിനു പുറത്തു നിന്നുള്ളവരുമുണ്ടെന്നും അവര്‍ ആരോപിച്ചു.
കോളജില്‍ എഐഎസ്എഫ് യൂണിറ്റ് രൂപവത്കരിച്ചതിനെയും കൊടി സ്ഥാപിച്ചതിനെയും തുടര്‍ന്ന് ഏറെനാളായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടായിരുന്നു. അപ്രഖ്യാപിത വിലക്ക് മറികടന്ന് മത്സരിച്ചതും 15 സീറ്റില്‍ ജയിച്ചതുമാണ് എസ്എഫ്ഐക്കാരെ അക്രമത്തിനു പ്രേരിപ്പിച്ചതെന്ന് എഐഎസ്എഫ് നേതാക്കള്‍ പറഞ്ഞു. എഐഎസ്എഫിന്റെ പരാതിയില്‍ 26 പേര്‍ക്കെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
