മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ ​ഗവർണർ; ക്ഷണക്കത്ത് അയച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th December 2022 08:49 AM  |  

Last Updated: 11th December 2022 08:49 AM  |   A+A-   |  

pinarayi

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍ ചിത്രം

 

തിരുവനന്തപുരം; സർക്കാരുമായുള്ള പോരിനിടെ ക്രിസ്മസ് ആഘോഷത്തിന് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനിൽ നടക്കുന്ന ആഘോഷത്തിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണക്കത്തയച്ചു. ഈ മാസം 14നാണ് ആഘോഷം നടക്കുക

കഴിഞ്ഞ തവണ മതമേലധ്യക്ഷൻമാരെ പങ്കെടുപ്പിച്ചായിരുന്നു ഗവർണറുടെ ക്രിസ്മസ് ആഘോഷം. എന്നാൽ, ഇക്കുറി മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാർ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിനു ക്ഷണിച്ചിട്ടുണ്ട്.  14ന് വൈകിട്ട് അഞ്ചിന് ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കണമെന്നാണ് രാജ്ഭവനിൽ‌ നിന്നയച്ച ക്ഷണക്കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേക്ക് മുറിക്കൽ അടക്കമുള്ള ചടങ്ങുകൾ ഉണ്ടാകും. 

മുഖ്യമന്ത്രിയുമായി പരസ്യമായ ഏറ്റുമുട്ടൽ തുടരുമ്പോഴാണ് രാജ്ഭവനിലേക്കുള്ള ക്ഷണം എത്തുന്നത്. ഗവർണർ ക്ഷണിച്ചാൽ എത്ര തിരക്കുണ്ടായാലും രാജ്ഭവനിൽ എത്തുകയാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും പുലർത്തുന്ന കീഴ്‌വഴക്കം.  സ്പീക്കർ എ.എൻ.ഷംസീറും ഉദ്യോഗസ്ഥരും ആഘോഷത്തിന് എത്തും. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ഘട്ടം 13ന് പൂർത്തിയാകുന്നതു കൂടി കണക്കിലെടുത്താണ് ഗവർണർ ആഘോഷം 14ന് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തെ ചടങ്ങിനു ശേഷം കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാനും രാജ്ഭവൻ അധികൃതരോട് ഗവർണർ നിർദേശിച്ചിട്ടുണ്ട്. 

സർക്കാരിന്റെ ഓണാഘോഷപരിപാടിയിലേക്ക് ​ഗവർണറെ വിളിക്കാതിരുന്നത് വലിയ വാർത്തയായിരുന്നു. അതിന്റെ മധുരപ്രതികാരമെന്നോണമാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിളിച്ചുകൊണ്ട് ​ഗവർണർ ക്രിസ്മസ് ആഘോഷിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഓട്ടത്തിനിടെ ആന്റണി ജോൺ എംഎൽഎയുടെ കാറിന്റെ പിൻചക്രം ഊരിത്തെറിച്ചു; ഒഴിവായത് വൻദുരന്തം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ