മന്ത്രവാദത്തിന് മനുഷ്യരക്തം, ശരീരമാകെ മുറിപ്പാട്; യുവതിയെ തമിഴ്‌നാട്ടിലേക്ക് കടത്താനും ശ്രമം, പ്രതികളെ കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ

അല്‍പം കൂടി വൈകിയിരുന്നെങ്കില്‍ ഒരുപക്ഷേ, ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഭര്‍ത്താവും ബന്ധുക്കളും ഉപദ്രവിച്ച യുവതിയുടെ ജീവന്‍ പോലും നഷ്ടപ്പെട്ടേനെയെന്ന് പൊലീസ്
കേസിലെ പ്രതികള്‍
കേസിലെ പ്രതികള്‍

ആലപ്പുഴ: അല്‍പം കൂടി വൈകിയിരുന്നെങ്കില്‍ ഒരുപക്ഷേ, ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഭര്‍ത്താവും ബന്ധുക്കളും ഉപദ്രവിച്ച യുവതിയുടെ ജീവന്‍ പോലും നഷ്ടപ്പെട്ടേനെയെന്ന് പൊലീസ്. മന്ത്രവാദത്തിന്റെ പേരില്‍ ഫാത്തിമയെ ക്രൂരമായി ഉപദ്രവിച്ച കേസിലെ പ്രതികളെ തന്ത്രപരമായ നീക്കത്തിലൂടെയാണ് പൊലീസ് കുടുക്കിയത്.

മാസങ്ങള്‍ നീണ്ട ക്രൂരമര്‍ദനത്തില്‍ അവശയായാണ് വള്ളികുന്നം ഇലിപ്പക്കുളം പുതുവച്ചാല്‍ തറയില്‍ അനീഷിന്റെ ഭാര്യ ഫാത്തിമ പൊലീസില്‍ അഭയം തേടിയത്. ഫാത്തിമയുടെ പരാതി ലഭിച്ചെന്നും ഒത്തുതീര്‍പ്പാക്കാമെന്നും പറഞ്ഞാണ് പ്രതികളെ പൊലീസ് ആദിക്കാട്ടുകുളങ്ങരയില്‍ വരുത്തിയത്.  തിരുവനന്തപുരത്ത് ഐടി കമ്പനിയില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററാണ് ഫാത്തിമ. 

മന്ത്രവാദത്തിന്റെ പേരില്‍ വാളും കത്തിയും ഉപയോഗിച്ച് ശരീരത്തില്‍ മുറിവേല്‍പ്പിച്ചതായി ഫാത്തിമയുടെ പരാതിയില്‍ പറയുന്നു. 'ജിന്ന്' ബാധിച്ചതായി ആരോപിച്ചാണ് തന്നെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയതെന്നും പരാതിയില്‍ പറയുന്നു. കൂടുതല്‍ മന്ത്രവാദത്തിനായി പ്രതികള്‍ ഫാത്തിമയെ തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകാനിരിക്കുകയായിരുന്നു. മന്ത്രവാദത്തിന് രക്തവും ഉപയോഗിച്ചിരുന്നെന്നാണ് പൊലീസിനു ലഭിച്ച വിവരം.

സുലൈമാനും ഇമാമുദീനുമാണ് മന്ത്രവാദം നടത്തിയത്. മന്ത്രവാദത്തിനു പോകുന്ന സ്ഥലങ്ങളിലെല്ലാം ഇമാമുദീന്റെ സഹോദരന്‍ അന്‍വര്‍ ഹുസൈനെ ഒപ്പം കൂട്ടാറുണ്ട്. കത്തിയും ബ്ലേഡും കൊണ്ട് അന്‍വറിന്റെ ശരീരത്തില്‍ മുറിവുണ്ടാക്കും. ആ ചോര മന്ത്രവാദത്തിന് ഉപയോഗിക്കും. അന്‍വറിന് ഇതിനു പ്രതിഫലം നല്‍കും. അന്‍വറിന്റെ ശരീരമാകെ ഇത്തരം മുറിപ്പാടുകളാണെന്നു പൊലീസ് പറയുന്നു. കഴിഞ്ഞദിവസത്തെ മന്ത്രവാദം കൊണ്ട് 'ഫലം ലഭിക്കാത്തതിനാലാണ്' ഫാത്തിമയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com