ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പെൺകുട്ടികൾക്കു മാത്രമല്ല സദാചാരം വേണ്ടത്; ഹോസ്റ്റലുകളിലെ രാത്രികാല നിയന്ത്രണത്തിൽ സർക്കാരിനോട് വ്യക്തത തേടി ഹൈക്കോടതി

മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണത്തിൽ സർക്കാർ ഇറക്കിയ പുതിയ ഉത്തരവിനെക്കുറിച്ചു വ്യക്തത തേടി

കൊച്ചി; സമൂഹത്തിന്റെ സദാചാര ബോധം പെൺകുട്ടികൾക്കുമാത്രം അടിച്ചേൽപ്പിക്കുന്ന സ്ഥിതി മാറണമെന്ന് ഹൈക്കോടതി. മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണത്തിൽ സർക്കാർ ഇറക്കിയ പുതിയ ഉത്തരവിനെക്കുറിച്ചു വ്യക്തത തേടിക്കൊണ്ടായിരുന്നു കോടതി പരാമർശം. 

പെൺകുട്ടികൾക്കു മാത്രമായി സമയ നിയന്ത്രണം പാടില്ല

‘ഓൾ വർക്ക് ആൻഡ് നോ പ്ലേ മെയ്ക്സ് ജാക്ക് എ ഡൾ ബോയ്’ എന്ന ഇംഗ്ലിഷ് പഴമൊഴി  ഉദ്ധരിച്ച കോടതി, പെൺകുട്ടികൾക്കും ഇതു ബാധകമാണെന്നു പറഞ്ഞു. ‘ജാക്കി’നും ‘ജില്ലി’നും ബാധകമാണ്. പെൺകുട്ടികൾക്കു മാത്രമായി സമയ നിയന്ത്രണം പാടില്ല. പെൺകുട്ടിയോ ആൺകുട്ടിയോ എന്നതല്ല പ്രശ്നമെന്നും, സമൂഹത്തിലെ ചില സാഹചര്യങ്ങളാണു പ്രശ്നമെന്നും കോടതി അഭിപ്രായപ്പെട്ടു.

എൻജിനീയറിങ് ഹോസ്റ്റലുകൾക്ക് ബാധകമാണോ?

രാത്രി 9.30നു ശേഷം ഹോസ്റ്റലിൽ നിന്നു പുറത്തിറങ്ങുന്നതു വിലക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ വിദ്യാർഥിനികളാണ് ഹർജി നൽകിയത്. ഹർജി പരിഗണനയിലിരിക്കെ, മെഡിക്കൽ കോളജ് ഹോസ്റ്റൽ പ്രവേശനത്തിൽ ലിംഗവിവേചനം ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. രാത്രി 9.30നു ശേഷം മൂവ്‌മെന്റ് രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ഹോസ്റ്റലിൽ പ്രവേശിക്കാൻ അനുവദിക്കുന്നതാണ് ഉത്തരവ്. രണ്ടാം വർഷം മുതലുള്ള വിദ്യാർഥികൾക്കാണ് ഇതു ബാധകം. ഉത്തരവ് എൻജിനീയറിങ് ഹോസ്റ്റലുകൾക്ക് ബാധകമാണോ എന്ന കാര്യം വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു. 9.30നു ശേഷം ഹോസ്റ്റലിൽ നിന്നു പുറത്തിറങ്ങാൻ അനുമതിയുണ്ടോ എന്ന കാര്യവും സർക്കാർ അറിയിക്കണം. വനിത കമ്മിഷനും നിലപാട് അറിയിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.  

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നിയന്ത്രണങ്ങൾ സമാനമല്ലേ എന്നു ചോദിച്ച കോടതി, പുതിയ ഉത്തരവ് ഭേദമാണെന്ന് വാക്കാൽ അഭിപ്രായപ്പെട്ടു. മൂവ്മെന്റ് റജിസ്റ്റർ കാണാൻ മാതാപിതാക്കളെയും അനുവദിക്കണം. റാഗിങ് ഉൾപ്പെടെ പ്രശ്നങ്ങൾക്കു സാധ്യതയുള്ളതിനാൽ ഒന്നാം വർഷ വിദ്യാർഥികൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ തെറ്റു പറയാനാവില്ലെന്നും പറഞ്ഞു. ക്യാംപസുകൾക്ക് ഉള്ളിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളുടെ കാര്യം മാത്രമാണ് ഇവിടെ ചർച്ച ചെയ്യുന്നതെന്നു കോടതി എടുത്തു പറഞ്ഞു. കുട്ടികളെ തുറന്നു വിടണം എന്നല്ല ഉദ്ദേശിക്കുന്നത്, അവരെ അവിശ്വസിക്കുന്ന സാഹചര്യം പാടില്ലെന്നാണ് അർഥമാക്കിയതെന്നും കോടതി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com