മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍; പലതവണ ജാമ്യവ്യവസ്ഥ ലംഘിച്ചു; രഹ്നഫാത്തിമയ്ക്ക് ഇളവു നല്‍കരുതെന്ന് കേരളം സുപ്രീംകോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2022 01:48 PM  |  

Last Updated: 18th December 2022 01:48 PM  |   A+A-   |  

rahna

രഹ്ന ഫാത്തിമ/ ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി:  ശബരിമല യുവതീപ്രവേശന കേസില്‍ ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് കേരളസര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. രഹ്ന ഫാത്തിമ പലതവണ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

സംസ്ഥാന സര്‍ക്കാരിനായി സ്റ്റാന്‍ഡിങ്ങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ആണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ രഹ്ന ഫാത്തിമ വീണ്ടും പ്രചരിപ്പിച്ചു. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള രഹ്നയുടെ ഹര്‍ജി തള്ളണമെന്നും സംസ്ഥാനം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ താന്‍ ശബരിമലക്ക് പോകുന്നുവെന്ന അടിക്കുറിപ്പോടെ കറുത്ത വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രവും രഹ്ന ഫാത്തിമ ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പത്തനംതിട്ട പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ രഹനയെ അറസ്റ്റ് ചെയ്‌തെങ്കിലും ഹൈക്കോടതി  ജാമ്യം നല്‍കി. 

അന്‍പതിനായിരം രൂപയുടെ ആള്‍ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിപ്പിക്കുമ്പോള്‍ ഹാജരാകണം, കേസിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ മുഖേന അഭിപ്രായ പ്രകടനം നടത്തരുത് തുടങ്ങിയ നിബന്ധനകളോടെയാണ് കോടതി ജാമ്യം നല്‍കിയത്. എന്നാല്‍ ഈ വ്യവസ്ഥകള്‍ പലതവണ രഹ്ന ഫാത്തിമ ലംഘിച്ചെന്നാണ് സംസ്ഥാനം സത്യവാങ്മൂലത്തില്‍ പറയുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

'അന്ധമായി വിശ്വസിക്കും; ഞാന്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ പിണറായി കുഴപ്പത്തില്‍ ചെന്നു ചാടില്ലായിരുന്നു'

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ