സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ പാര്‍ട്ടി കേഡര്‍മാരിലും; സംസ്ഥാന സമിതിയില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെക്കാനില്ല; പി ജയരാജന്‍

പാര്‍ട്ടികകത്തെ തെറ്റായ പ്രവണതകളെ കുറിച്ച് പറയുക എന്നതല്ലാതെ വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാനല്ല സംസ്ഥാന സമിതി യോഗം നടക്കുന്നത്‌ 
പി ജയരാജന്‍
പി ജയരാജന്‍

തിരുവനന്തപുരം: സമൂഹത്തിലുള്ള പല തെറ്റായ പ്രവണതകളും പാര്‍ട്ടി കേഡര്‍മാരിലേക്ക് കടന്നുവരുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. അതിനെതിരായിട്ടുള്ള തെറ്റുതിരുത്തല്‍ രേഖയാണ് പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗീകരിച്ചത്. ആ തെറ്റുതിരുത്തല്‍ രേഖയുടെ ഭാഗമായി സ്വാഭാവികമായും പാര്‍ട്ടികകത്തെ തെറ്റായ പ്രവണതകളെ കുറിച്ച് പറയുക എന്നതല്ലാതെ വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാനല്ല സംസ്ഥാന സമിതി യോഗം നടക്കുന്നതെന്നും ജയരാജന്‍  പറഞ്ഞു.  ജയരാജന്‍ പറഞ്ഞു. ഇപി ജയരാജനെതിരെ ഉയര്‍ത്തിയ സാമ്പത്തിക അഴമതിയായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജയരാജന്‍.

ഇപി ജയരാജന്‍ പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗമാണ്. സമുന്നതാനായ നേതാവാണ്. പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കുന്ന അവസരത്തില്‍ രാഷ്ട്രീയ എതിരാളികളുടെ ക്രൂരമായ അക്രമണത്തിന് ഇരയായിട്ടുള്ള ഒരാളാണ്. പാര്‍ട്ടിക്കകത്ത് തെറ്റായ പ്രവണതകള്‍ക്കെതിരെ ഉള്‍പാര്‍ട്ടി സമരം നടത്തും. അതിന്റെ ഭാഗമായി എല്ലാ ഘടകങ്ങളിലും ചര്‍ച്ച ചെയ്യാനുള്ള ഒരു രേഖയാണ് പാര്‍ട്ടി സംസ്ഥാന സമിതി അംഗീകരിച്ചത്. അതില്‍ കൂടുതല്‍ സംസ്ഥാന സമിതി എന്തുചര്‍ച്ച ചെയ്തു എന്നകാര്യം  മാധ്യമങ്ങളോട് പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും വ്യത്യസ്തമായ വിപ്ലവ പ്രസ്ഥാനത്തെ അങ്ങേയറ്റം താറടിച്ച് കാണിക്കാനാണ് വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. പാല്‍ ചുരത്തുന്ന അകിടില്‍ നിന്ന് ചോരകിട്ടുമോ  എന്നാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്- ജയരാജന്‍ പറഞ്ഞു.

സംസ്ഥാനസമിതിയില്‍ എത്രയോ ആളുകള്‍ സംസാരിച്ചിട്ടുണ്ട്. അത് എല്ലാ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നത് ശരിയായ രീതിയല്ല. പാര്‍ട്ടിയെടുത്ത തീരുമാനങ്ങള്‍ സെക്രട്ടറി വ്യക്തമായി പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി വലതുപക്ഷ വ്യതിയാനത്തിലേക്ക് പോകുന്നു എന്ന യാതൊരു ചര്‍ച്ചയും നിഗമനവും ഉണ്ടായിട്ടില്ല. വിപ്ലവപരമായ ആത്മശുദ്ധി നിലനിര്‍ത്തത്തക്ക നിലയിലുള്ള പ്രവണതകള്‍ക്ക് വേണ്ടിയുള്ള നല്ലനിലക്കുള്ള ഇടപെടലാണ് വേണ്ടതെന്നാണ് തെറ്റുതിരുത്തല്‍ രേഖയില്‍ പറഞ്ഞത്. സമൂഹത്തില്‍ ജീര്‍ണതയുണ്ടല്ലോ?. ഈ ജീര്‍ണത നിലവിലുള്ള സാമൂഹിക സാമ്പത്തിക സംവിധാനക്രമത്തെ വിപ്ലപകരമായി മാറ്റിത്തീര്‍ക്കുന്ന സിപിഎമ്മിനകത്തും കുറെശ്ശേ നുഴഞ്ഞുകയറും. ആ നുഴഞ്ഞുകയറുന്ന എല്ലാ പ്രവണതകളും, അത് സംസ്ഥാന കമ്മറ്റി അംഗമായി എന്നിലും അത്തരം പ്രവണതകള്‍ ഉണ്ടെങ്കില്‍ അതിനെതിരായ സമരം പാര്‍ട്ടിയില്‍ നടത്തണമെന്നാണ് തെറ്റുതിരുത്തല്‍ രേഖയുടെ സാരാംശം. ഇനി അതിനനുസരിച്ചുള്ള ചര്‍ച്ച എല്ലാ ഘടകങ്ങളിലും നടക്കും. ഇത് ജനങ്ങള്‍ക്കു മുന്‍പില്‍ നല്ല തിളക്കമാര്‍ന്ന ഒരു പാര്‍ട്ടിയാക്കാന്‍ സിപിഎമ്മിനെ സഹായിക്കുമെന്ന് ജയരാജന്‍ പറഞ്ഞു. 

കേന്ദ്രകമ്മറ്റി അങ്ങനെ ഒരു റിസോര്‍ട്ട് നടത്തുന്നതായി താന്‍ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല. മനസിലാക്കിയിട്ടുമില്ല. നാട്ടില്‍ പല സ്ഥലത്തും പല പദ്ധതികളും നടക്കുന്നുണ്ട്. അതിനെ കുറിച്ച് തന്നോട് അഭിപ്രായം ചോദിച്ചാല്‍ എങ്ങനെ മറുപടി പറയും. നിങ്ങളീ പറഞ്ഞ ഒരു റിസോര്‍ട്ടിന്റെ അടുത്തും താന്‍ പോയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.

ഇടതു മുന്നണി കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇപി ജയരാജനെതിരെ സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ ഗുരുതര സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം. ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടര്‍മാരായ കമ്പനിയാണ് റിസോര്‍ട്ടിന്റെ നടത്തിപ്പുകാര്‍. റിസോര്‍ട്ട് തുടങ്ങുന്ന സമയത്ത് പ്രശ്‌നം ചൂണ്ടിക്കാണിച്ചപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ മാറ്റം വരുത്തിയതായും ജയരാജന്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയില്‍ തെറ്റു തിരുത്തല്‍ രേഖ ചര്‍ച്ച ചെയ്യുന്ന വേളയിലായിരുന്നു ആരോപണം. 

റിസോര്‍ട്ടിന് പിന്നില്‍ സാമ്പത്തിക അഴിമതിയുണ്ട്. അനധികൃതമായി ഇപി സ്വത്ത് സമ്പാദിച്ചതായും പിജെ ആരോപിക്കുന്നു. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ആയുര്‍വേദ റിസോര്‍ട്ട് പണിയുന്നത്.ആരോപണം ഉന്നയിക്കുന്നത് ആധികാരികതോടെയാണെന്നും ഇക്കാര്യത്തില്‍ അന്വേഷണവും നടപടിയും വേണമെന്നും പിജെ ആവശ്യപ്പെട്ടു. അരോപണം ഉയര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ ഇപി പങ്കെടുത്തിരുന്നില്ല.ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദന്‍ തള്ളിയില്ല. ഇക്കാര്യങ്ങള്‍ എഴുതി നല്‍കാന്‍ പി ജയരാജന് നിര്‍ദ്ദേശം നല്‍കി. പരാതി രേഖാമൂലം കിട്ടിയാല്‍ പരിശോധിക്കാമെന്നും സെക്രട്ടറി സംസ്ഥാന കമ്മിറ്റിയില്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com