പല്ല് ഉന്തിയത് അയോ​ഗ്യത; യുവാവിന് സർക്കാർ ജോലി നഷ്ടം!

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th December 2022 07:23 AM  |  

Last Updated: 25th December 2022 07:23 AM  |   A+A-   |  

muthu

മുത്തു

 

പാലക്കാട്: ഉന്തിയ പല്ല് കാരണം യുവാവിന് സർക്കാർ ജോലി നഷ്ടമായി. അട്ടപ്പാടി ആനവായ് ഊരിലെ വെള്ളിയുടെ മകൻ മുത്തുവിനാണു പല്ലിന്റെ തകരാർ സർക്കാർ ജോലിക്കു തടസമായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോലിയാണ് മുത്തുവിന് നഷ്ടമായത്.

ബീറ്റ് ഫോറസ്റ്റ് ഓഫീസറെ നിയമിക്കാനുള്ള പിഎസ്‌സിയുടെ സ്പെഷൽ റിക്രൂട്മെന്റിൽ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മറികടന്നാണു മുത്തു മുഖാമുഖത്തിനു എത്തിയത്. ഇതിനു മുന്നോടിയായി ശാരീരിക ക്ഷമത പരിശോധിച്ച ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റിൽ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ഇതാണ് ജോലിക്ക് തടസമായത്.

ചെറുപ്രായത്തിലുണ്ടായ വീഴ്ചയിലാണു മുത്തുവിന്റെ പല്ലിനു തകരാറുണ്ടായത്. 18,000 രൂപ ചെലവു വരുന്ന ശസ്ത്രക്രിയയിലൂടെ തകരാർ പരിഹരിക്കാമെന്നാണു വിദഗ്ധാഭിപ്രായം.

മുക്കാലിയിൽ നിന്നു 15 കിലോമീറ്റർ ദൂരെ ഉൾവനത്തിലാണു മുത്തു താമസിക്കുന്ന ആനവായ് ഊര്. ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും മൂലമാണു പല്ല് ചികിത്സിച്ച് നേരെയാക്കാൻ കഴിയാതിരുന്നതെന്നു മുത്തുവിന്റെ മാതാപിതാക്കൾ പറഞ്ഞു. 

അതേസമയം, ചില പ്രത്യേക തസ്തികകളിലേക്കുള്ള യോഗ്യതകളും അയോഗ്യതകളും സ്പെഷ്യൽ റൂളിൽ വ്യക്തമാക്കിയിട്ടുണ്ടെന്നു പിഎസ്‌സി വ്യക്തമാക്കി. ഇതു കണ്ടെത്തിയാൽ ഉദ്യോഗാർഥിയെ അയോഗ്യനാക്കും. ഉന്തിയ പല്ല്, കോമ്പല്ല് (മുൻപല്ല്) ഉൾപ്പെടെയുള്ളവ അയോഗ്യതയ്ക്കുള്ള ഘടകങ്ങളാണെന്നും പിഎസ്‌സി അധികൃതർ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആയ്യപ്പൻ വിളക്കിനിടെ ആന ഇടഞ്ഞു; ബൈക്കുകളും കടയും തകർത്തു; അഞ്ച് പേർക്ക് പരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ