പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മോഷണം, 11 കള്ളപ്പേരുകള്‍; 'സ്റ്റാര്‍ കള്ളന്‍' ഒടുവില്‍ പിടിയില്‍

നക്ഷത്ര ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു
വിന്‍സെന്റ് ജോണ്‍/ ടിവി ദൃശ്യം
വിന്‍സെന്റ് ജോണ്‍/ ടിവി ദൃശ്യം

തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മോഷണം നടത്തുന്ന കള്ളന്‍ പിടിയിലായി. തമിഴ്‌നാട് സ്വദേശി വിന്‍സെന്റ് ജോണ്‍ (63) ആണ് തിരുവനന്തപുരത്ത് പിടിയിലായത്. നക്ഷത്ര ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ നടന്ന മോഷണത്തിലാണ് വിന്‍സെന്റ് ജോണ്‍ കുടുങ്ങിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കള്ളന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കൊല്ലം റെയില്‍വേ സ്‌റ്റേഷനിലുണ്ടെന്ന് കണ്ടെത്തി. 

അവിടെ നിന്നാണ് വിന്‍സെന്റ് ജോണിനെ പൊലീസ് അറസ്റ്റു ചെയ്തത്. സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ നിന്നും മോഷ്ടിച്ച ലാപ്‌ടോപ് കണ്ടെടുത്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷാ ചാതുരിയുള്ള വിന്‍സെന്റ് ജോണ്‍ വലിയ വ്യവസായി ആണെന്ന് പരിചയപ്പെടുത്തി ജീവനക്കാരെ സൗഹൃദത്തിലാക്കും. തുടര്‍ന്ന് മുന്തിയ ഭക്ഷണവും മദ്യം അടക്കമുള്ള സൗകര്യങ്ങളും ഉറപ്പാക്കും. 

ഇതിനുശേഷം ഹോട്ടലില്‍ നിന്നും മോഷണം നടത്തുന്നതാണ് രീതി. ഇയാള്‍ക്ക് 11 കള്ളപ്പേരുകളുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 200 ഓളം കേസുകളാണ് ഇയാളുടെ പേരിലുള്ളത്. 2018 ല്‍ കൊല്ലത്തെ പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടലില്‍ മോഷണം നടത്തിയതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മുംബൈയിലാണ് വിന്‍സെന്റ് ജോണിനെതിരെ ഏറ്റവും കൂടുതല്‍ കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് സൂചിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com