വിവാഹ സത്കാരത്തിന് എത്തി; സർവീസ് ലിഫ്റ്റിൽ ചാടിക്കയറാൻ ശ്രമിക്കവെ തല കുടുങ്ങി; ദാരുണാന്ത്യം

അയൽവാസിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് ദാസൻ കൂടത്തായിയിലെ ഓഡിറ്റോറിയത്തിൽ എത്തിയത്
ദാസൻ
ദാസൻ

കോഴിക്കോട്: വിവാഹ സത്കാരത്തിന് എത്തിയയാൾ ഓഡിറ്റോറിയത്തിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി മരിച്ചു. കോഴിക്കോട് കൂടത്തായിയിലാണ് ദാരുണ സംഭവം. ലിഫ്റ്റിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കൂടത്തായി ചക്കികാവ് പുറായിൽ കാഞ്ഞിരാപറമ്പിൽ ദാസൻ (53) ആണ് മരിച്ചത്. 

അയൽവാസിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് ദാസൻ കൂടത്തായിയിലെ ഓഡിറ്റോറിയത്തിൽ എത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ സദ്യയ്ക്ക് ആവശ്യമായ പപ്പടവുമായി മുകളിലത്തെ നിലയിലേക്ക് പോവുകയായിരുന്ന സർവീസ് ലിഫ്റ്റിൽ ചാടിക്കയറാൻ ശ്രമിക്കവേ തെന്നി വീണ് സമീപത്തെ ഇരുമ്പ് കമ്പിക്കും ചങ്ങലയ്ക്കിടയിലും ദാസന്റെ തല കുടുങ്ങുകയായിരുന്നു.

അതിനിടെ ലിഫ്റ്റ് ഉയർന്നു തുടങ്ങിയിരുന്നു. ഒരാൾ പൊക്കത്തിൽ ഉയർന്ന ലിഫ്റ്റ് ഉടൻ തന്നെ താഴെയിറക്കി. ഗുരുതരമായി പരിക്കേറ്റ ദാസനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഓഡിറ്റോറിയത്തിലെ സദ്യക്കാവശ്യമായ വിഭവങ്ങൾ മുകളിലെത്തിക്കാൻ ഉപയോഗിക്കുന്ന സർവീസ് ലിഫ്റ്റിന് മറ്റ് ലിഫ്റ്റുകളുടെ സുരക്ഷാ സൗകര്യങ്ങളില്ല. സംഭവത്തിൽ കോടഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഭാര്യ: അജിത. മക്കൾ: ആദിൽഷ, ആജിൻഷ. മരുമകൻ: സുജീഷ് മറിവീട്ടിൽതാഴം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com