കള്ളപ്പേരില്‍ ചാറ്റിങ്, ഹെല്‍മറ്റ് ധരിച്ചെത്തി, വിളിച്ചിറക്കി കഴുത്തറുത്തു; നാടിനെ നടുക്കി അരുംകൊല
By സമകാലിക മലയാളം ഡെസ്ക് | Published: 28th December 2022 08:41 AM |
Last Updated: 28th December 2022 08:41 AM | A+A A- |

സംഗീത
കൊല്ലം: വിശ്വാസം ഉറപ്പിക്കാന്‍ യുവാവ് നടത്തിയ നാടകം കലാശിച്ചത് 17കാരിയുടെ കൊലപാതകത്തില്‍. വര്‍ക്കല വടശ്ശേരി സംഗീത നിവാസില്‍ സംഗീതയാണ് വീട്ടുമുറ്റത്ത് ആണ്‍സുഹൃത്തിന്റെ ക്രൂരതയ്ക്കിരയായത്. അഖില്‍ എന്ന ഗോപു ആണ് ആക്രമണം നടത്തിയത്.
സംഗീതയുമായി അടുപ്പത്തിലായിരുന്ന ഗോപു അഖില്‍ എന്ന മറ്റൊരു പേരുപയോഗിച്ച് പെണ്‍കുട്ടിയുമായി ചാറ്റിങ് നടത്തി. വിശ്വാസം ഉറപ്പിക്കാനാണ് ഗോപു മറ്റൊരു ഫോണില്‍ നിന്ന് ബന്ധപ്പെട്ടുതുടങ്ങിയത്. അഖില്‍ എന്ന പേരില്‍ ചാറ്റ് ചെയ്യുമ്പോള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് സംഗീത വീടിന് പുറത്തേക്ക് ഇറങ്ങിച്ചെന്നത്. ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവുമായി വീടിന് മുന്നിലെ ഇടവഴിയില്‍ നിന്നാണ് പെണ്‍കുട്ടി സംസാരിച്ചത്. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സംശയം തോന്നിയ സംഗീത ഹെല്‍മറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു. ഈ സമയത്ത് കൈയിലുണ്ടായിരുന്ന കത്തി കഴുത്തിന് നേരെ വീശുകയായിരുന്നു ഗോപു. ആഴത്തില്‍ മുറിവേറ്റ സംഗീത രക്തത്തില്‍ കുളിച്ച് വീട്ടിലേക്കെത്തി വാതില്‍ മുട്ടുകയായിരുന്നു.
കതകില്‍ കൈകൊണ്ട് നിര്‍ത്താതെ അടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജനല്‍ തുറന്ന് ആരാന്ന് ചോദിച്ചപ്പോഴാണ് എന്റെ മോള് കൈ പൊക്കി കാണിച്ചത്. രക്തത്തില്‍ കുളിച്ചുനില്‍ക്കുകയായിരുന്നു. അവള്‍ക്കൊന്നും പറയാന്‍ പറ്റിയില്ല പെടയ്ക്കുകയായിരുന്നു, സംഗീതയുടെ അച്ഛന്‍ പറഞ്ഞു. അച്ഛനും സഹോദരിയും ചേര്‍ന്നാണ് സംഗീതയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബന്ധത്തില്‍ സംശയം തോന്നിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് ഗോപു പൊലീസിനോട് പറഞ്ഞത്. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് സംഗീത.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഭിന്നശേഷിക്കാരിയായ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേര്‍ പിടിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ