എല്‍പി.ജിയെക്കാള്‍ വിലക്കുറവ്, അപകട സാധ്യതയില്ല; ആലപ്പുഴയില്‍ സിറ്റി ഗ്യാസ് ജനുവരി മുതല്‍

സിലിണ്ടര്‍ വേണ്ട, അപകട സാദ്ധ്യതയില്ല, മലിനീകരണ പ്രശ്‌നങ്ങളില്ല എന്നീ ഗുണങ്ങളും സിറ്റി ഗ്യാസ് പദ്ധതിക്കുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read

ആലപ്പുഴ: ജില്ലയിലെ വീടുകളില്‍ ജനുവരിയോടെ പൈപ്പുകളിലൂടെ പാചകവാതകം എത്തും. വീടുകളില്‍ പാചകവാതകം എത്തിക്കുന്ന 'സിറ്റി ഗ്യാസ്' പദ്ധതിയിലൂടെ പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (പി.എന്‍.ജി.) ആണ് വീടുകളിലെത്തുക. വിതരണത്തിനായി തങ്കിയില്‍ സ്ഥാപിച്ചിരിക്കുന്ന പാചകവാതക സംഭരണ വിതരണ പ്ലാന്റ് കമ്മിഷന്‍ ചെയ്തതോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡിന്റെ (പി.എന്‍.ജി.ആര്‍.ബി.) നേതൃത്വത്തില്‍ അറ്റ്‌ലാന്റിക് ഗള്‍ഫ് ആന്‍ഡ് പസഫിക് ലിമിറ്റഡിനാണ് (എ.ജി. ആന്‍ഡ് പി.) പദ്ധതിയുടെ നിര്‍വഹണ ചുമതല. ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചതോടെയാണ് വീടുകളില്‍ പൈപ്പ്ഡ് നാച്ച്വറല്‍ ഗ്യാസ് നല്‍കുന്ന പദ്ധതിക്ക് വേഗം കൈവരിച്ചത്. ഗെയില്‍ പൈപ്പ് ലൈന്‍ വഴിയുള്ള കണക്ടിവിറ്റികൂടി സിറ്റി ഗ്യാസ് പദ്ധതിക്ക് ലഭിക്കുന്നതോടെ കുടുതല്‍ ഭാഗങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കപ്പെടും. 

ആദ്യഘട്ടത്തില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ച വയലാര്‍ പഞ്ചായത്തിലും ചേര്‍ത്തല നഗരസഭയിലുമായിരിക്കും പാചകവാതകം ആദ്യം ലഭിക്കുക. വയലാര്‍ പഞ്ചായത്തിലെ 16 വാര്‍ഡുകളിലായി 5792 രജിസ്‌ട്രേഷനും 3970 വീടുകളില്‍ പ്ലമ്പിങ്, മീറ്റര്‍ സ്ഥാപിക്കല്‍ ജോലികള്‍ എന്നിവയും പൂര്‍ത്തിയായി. ചേര്‍ത്തല നഗരസഭയുടെ കീഴിലെ 35 വാര്‍ഡുകളില്‍ 20 വാര്‍ഡുകളിലായി 6057 രജിസ്‌ട്രേഷനും 2856 വീടുകളില്‍ പ്ലമ്പിങ്, മീറ്റര്‍ സ്ഥാപിക്കല്‍ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ള വാര്‍ഡുകളില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മറ്റ് ജോലികള്‍ തുടങ്ങണമെങ്കില്‍ റെയില്‍വേയുടെയും ദേശീയപാത അതോറിറ്റിയുടെ അനുമതി വേണം. അനുമതി ലഭിച്ചാലുടന്‍ മറ്റ് ജോലികള്‍ ആരംഭിക്കും.  

നിലവില്‍ വിതരണ പ്ലാന്റില്‍ നിന്നും 60 കിലോമീറ്റര്‍ വരെ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. പ്രധാന റോഡരികില്‍ ഭൂമിക്കടിയിലൂടെ പന്ത്രണ്ട് ഇഞ്ചിന്റെ സ്റ്റീല്‍ പൈപ്പും ഉപറോഡിലേക്കും വീടുകളിലേക്കും അഞ്ച് ഇഞ്ചിന്റെ പോളിത്തീന്‍ പൈപ്പുമാണ് സ്ഥാപിചിരിക്കുന്നത് . 

ആദ്യഘട്ടം ജനുവരിയില്‍ പൂര്‍ത്തിയാകും. രണ്ടാംഘട്ടത്തില്‍ സമീപ പഞ്ചായത്തുകളിലും ആലപ്പുഴ ഭാഗത്തും വിതരണം തുടങ്ങും. തങ്കിയിലെ 24 കോടി രൂപ ചെലവില്‍ നിര്‍മിച്ച വിതരണശൃംഖലക്ക് നിലവില്‍ 80,000 വീടുകളില്‍ പാചകവാതകം എത്തിക്കാന്‍ കഴിയും. ഭാവിയില്‍ ജില്ലയില്‍ കൂടുതല്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടെന്ന് എ.ജി. ആന്‍ഡ് പി. റീജിയണല്‍ മേധാവി രഞ്ജിത് രാമകൃഷ്ണന്‍ പറഞ്ഞു. 3000 കോടിയുടെ പദ്ധതി എട്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കൊച്ചി പുതുവൈപ്പിനിലെ പ്ലാന്റില്‍ നിന്ന് റോഡിനടിയിലൂടെ പൈപ്പ് ലൈന്‍ വഴി തങ്കിയിലെ പ്ലാന്റില്‍ വാതകമെത്തിക്കുന്നതാണ് പദ്ധതി. എന്നാല്‍ ദേശീയപാത വികസനം നടക്കുന്നതിനാല്‍ തത്കാലം കളമശേരിയിലെ പ്ലാന്റില്‍ നിന്ന് ടാങ്കറില്‍ ദ്രാവകമായി ലിക്വിഡ് നാച്വറല്‍ ഗ്യാസ്( എല്‍.എന്‍.ജി) തങ്കിയിലെത്തിച്ച് ഡി  ഗ്യാസ് പ്രക്രിയയിലൂടെ പി.എന്‍.ജിയാക്കി സംഭരിച്ചാണ് വിതരണം ചെയ്യുന്നത്. ദേശീയപാത വികസനം പൂര്‍ത്തിയാകുന്നതോടെ പുതുവൈപ്പിനില്‍ നിന്ന് പൈപ്പിലൂടെ വാതകമെത്തിക്കും.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ, ഇപ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ വിലക്കുറവില്‍ പാചകവാതകം വീടുകളില്‍ നേരിട്ടെത്തും. സിലിണ്ടര്‍ വേണ്ട, അപകട സാദ്ധ്യതയില്ല, മലിനീകരണ പ്രശ്‌നങ്ങളില്ല എന്നീ ഗുണങ്ങളും സിറ്റി ഗ്യാസ് പദ്ധതിക്കുണ്ട്. ഉപയോഗിച്ച വാതകത്തിന്റെ പണം മാത്രം മാസാവസാനം വീടുകള്‍ നല്‍കിയാല്‍ മതിയാകും. സ്ഥാപനങ്ങള്‍ക്കും വ്യവസായ സംരംഭങ്ങള്‍ക്കും വാണിജ്യ താരിഫില്‍ നല്‍കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com