48 മണിക്കൂര്‍ കൂടി നിര്‍ണായകം; വെന്റിലേറ്ററില്‍ തുടരും; വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2022 02:31 PM  |  

Last Updated: 02nd February 2022 02:31 PM  |   A+A-   |  

Doctors say Vava Suresh's health is improving

ഫയല്‍ ചിത്രം

 


കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയിലുള്ള വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. സുരേഷിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ട്. വിളിക്കുമ്പോള്‍ പ്രതികരിക്കുന്നുണ്ട്. കൈകാലുകള്‍ പതിയെ അനക്കുന്നുണ്ട്. തലയും അനക്കുന്നുണ്ട്. ഇതെല്ലാം ആശാവഹമാണെന്ന് കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ഭക്ഷണം ദ്രവരൂപത്തില്‍ മൂക്കിലൂടെയാണ് നല്‍കി വരുന്നത്. ഇത് ശരീരം സ്വീകരിക്കുന്നു എന്നതും ആശാവഹമാണ്. എന്നാല്‍ തലച്ചോറിലേക്കുള്ള രക്തയോട്ടത്തില്‍ പ്രശ്‌നങ്ങളുണ്ട്. തലച്ചോറിന്‍രെ പ്രവര്‍ത്തനം വിലയിരുത്തി വരികയാണ്. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റതിനാല്‍ നാഡീവ്യവസ്ഥയെ ബാധിച്ചതാണ് പ്രശ്‌നം ഗുരുതരമാക്കിയത്. 

ബോധം ശരിക്കും തിരിച്ചുവരാത്ത സാഹചര്യത്തില്‍ വെന്റിലേറ്ററില്‍ തുടരും. 48 മണിക്കൂര്‍ കൂടി നിര്‍ണായകമാണ്. ഏതാനും ദിവസം കൂടി വെന്റിലേറ്റര്‍ ചികിത്സ വേണ്ടി വരും. ആന്റിവെനം ചികിത്സയും തുടരും. തിരിച്ചുവരാന്‍ സമയമെടുക്കുമെന്നും ഡോക്ടര്‍ ജയകുമാര്‍ പറഞ്ഞു. ഇന്നലെ രാത്രിയോടെ പ്രതികരണം ഇല്ലാതായത് ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ വിളിക്കുന്നതിന് പ്രതികരിക്കാന്‍ തുടങ്ങിയത് ആശ്വാസകരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

വാവ സുരേഷിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ നാലു മണിക്ക് മെഡിക്കല്‍ ബോര്‍ഡ് ചേരുന്നുണ്ട്. കഴിഞ്ഞദിവസം മന്ത്രി വി എന്‍ വാസവന്‍ ആശുപത്രിയിലെത്തി വാവ സുരേഷിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചിരുന്നു. മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെയും അസിസ്റ്റന്റ് സൂപ്രണ്ടിന്റെയും മേല്‍നോട്ടത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘമാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്.

കോട്ടയം, കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടെ തിങ്കളാഴ്ചയാണ് വാവ സുരേഷിന്റെ വലതുകാലിന്റെ തുടയില്‍ മൂര്‍ഖന്‍ പാമ്പു കടിച്ചത്. കടിയേറ്റതോടെ പിടിവിട്ടു പോയ പാമ്പിനെ വീണ്ടും പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സുരേഷ് ആശുപത്രിയിലേക്കു പോയത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ സുരേഷിന് ഹൃദയാഘാതമുണ്ടായിരുന്നു. ഇത് തലച്ചോറിന്റെയും ശരീരത്തിലെ പേശികളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.