കൈ ഷാള്‍ കൊണ്ട് മറച്ചു, ബസില്‍ അതിവിദഗ്ധമായി പേഴ്‌സ് മോഷ്ടിച്ചു; യുവതിക്കായി തെരച്ചില്‍- വീഡിയോ
By സമകാലിക മലയാളം ഡെസ്ക് | Published: 03rd February 2022 10:18 AM |
Last Updated: 03rd February 2022 10:18 AM | A+A A- |

സ്വകാര്യ ബസില്‍ യുവതി പേഴ്‌സ് അതിവിദഗ്ധമായി മോഷ്ടിക്കുന്ന ദൃശ്യം
തൃശൂര്‍: സ്വകാര്യ ബസില്‍ യുവതിയുടെ പേഴ്‌സ് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പുത്തൂര്‍ സ്വദേശി സുനിതയുടെ പേഴ്‌സാണ് മോഷണം പോയത്. മോഷണം നടത്തിയ യുവതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം രാവിലെ പുത്തൂരില്‍ നിന്നും തൃശ്ശൂരിലേക്കുള്ള യാത്രക്കിടെയാണ് മോഷണം നടന്നത്. മോഷണ ദൃശ്യങ്ങള്‍ സ്വകാര്യ ബസ്സിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരുന്നു. സുനിതയുടെ ബാഗില്‍ നിന്നും പേഴ്‌സ് അതിവിദഗ്ധമായി മോഷ്ടിക്കുന്നത് പൂര്‍ണമായും ദൃശ്യങ്ങളില്‍ കാണാം.
കൈവശമുണ്ടായിരുന്ന ഷാള്‍ കൊണ്ടു കൈ മറച്ച് ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയാണ് യുവതി മോഷണം നടത്തിയത്. തൊട്ടടുത്ത സ്റ്റോപ്പില്‍ ഉടന്‍ തന്നെ ഈ യുവതി ഇറങ്ങുകയും ചെയ്തു. പേഴ്‌സില്‍ വിലപ്പെട്ട രേഖകളും, പണവും ഉണ്ടായിരുന്നതായി സുനിത പറഞ്ഞു .
സംഭവത്തില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മോഷണം നടന്നത് അറിഞ്ഞ ഉടന്‍ സുനിത പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് സിസി ടി വി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തത്. മോഷണം നടത്തിയ സ്ത്രീയെ കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ എഫ് ബി പേജിലൂടെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കുവേണ്ടി സ്വകാര്യ ബസ്സില്‍ സിസിടിവി ക്യാമറ സ്ഥാപിച്ച ബസ് ഉടമയെ തൃശൂര്‍ സിറ്റി പൊലീസ് അഭിനന്ദിച്ചു.