'അവരെ കത്തിക്കണം'; കൊലപാതക ഗൂഢാലോചനയ്ക്കു വ്യക്തമായ തെളിവ്; പ്രോസിക്യൂഷന്‍ വാദങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2022 03:15 PM  |  

Last Updated: 04th February 2022 03:15 PM  |   A+A-   |  

dileep highcourt

ഫയല്‍ ചിത്രം

 

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ദിലീപ് പറഞ്ഞത് വെറും ശാപവാക്കുകള്‍ ആണെന്ന വാദം നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. അത് അങ്ങനെയല്ലെന്നു ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍നിന്നു വ്യക്തമാണ്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താനുള്ള ധാരണ അവിടെയുണ്ടായിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 

ബലചന്ദ്രകുമാറിന്റെ മൊഴിയില്‍ നിസ്സാര വൈരുദ്ധ്യങ്ങളുണ്ട്. ആരും പഠിപ്പിച്ചുവിട്ട സാക്ഷിയല്ല ബാലചന്ദ്രകുമാര്‍ എന്നത് അതില്‍നിന്നു വ്യക്തമാണ്. പ്രഥമ വിവര റിപ്പോര്‍ട്ട് കുറ്റകൃത്യത്തെക്കുറിച്ചുള്ള എന്‍സൈക്ലോപിഡിയ അല്ല. അതില്‍ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്താനാവില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണ്. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. 

ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഒരു ഗ്രൂപ്പിലിട്ടു തട്ടിയേക്കണം എന്ന് ഓഡിയോയില്‍ ദിലീപ് പറയുന്നുണ്ട്. മറ്റൊന്നില്‍ ഉദ്യോഗസ്ഥരെ കത്തിക്കണം എന്നു പറയുന്നു. വെറുതെ പറയുകയല്ല, ഏതു രീതിയില്‍ കൊല്ലണം എന്നുവരെ ആലോചന നടന്നെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ, ജനുവരി വരെ ഉപയോഗിച്ചിരുന്ന ഫോണുകള്‍ പ്രതികള്‍ കൂട്ടമായി മാറ്റിയത് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതിനെ സാഹചര്യ തെളിവായി പരിഗണിക്കണം. 

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തയാളാണ് ദിലീപ് എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രതിയുടെ ചരിത്രവും പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമം തയാറാക്കിയവര്‍ പോലും ചിന്തിക്കാത്ത കുറ്റം ചെയ്തയാളാണ് ദിലീപ് എന്ന്, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഡയറക്ടര്‍ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടിഎ ഷാജി പറഞ്ഞു.

ബ്ലാക് മെയില്‍ ചെയ്യാനാണ് ഇയാള്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്. ദൃശ്യങ്ങള്‍ പകര്‍ത്തുകയെന്നതു നടപ്പാക്കുകയും ചെയ്തു. ദിലീപ് എത്ര ദുഷ്ടബുദ്ധിയാണെന്ന് ഇതില്‍നിന്നു വ്യക്തമാണ്. 

ബുദ്ധിപരമായി കുറ്റകൃത്യം ആസൂത്രണം ചെയ്യുകയും നിയമത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ടു നടക്കുകയും ചെയ്യുന്നയാളാണ് ദിലീപ് എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ പ്രതിഭാഗം അഭിഭാഷകര്‍ ഇടപെടാന്‍ ശ്രമിച്ചു. പ്രതിഭാഗത്തിന്റെ വാദം കഴിഞ്ഞ ദിവസം മൗനമായി കേട്ടിരുന്നയാളാണ് താനെന്നും ഇടപെടല്‍ അനുവദിക്കാനാവില്ലെന്നും ഡിജിപി നിലപാടെടുത്തു. 

അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന് സംവിധായകന്‍ ബാലചന്ദ്രകുമാറുമായി മുന്‍പരിചയമില്ല. ചാനല്‍ അഭിമുഖം വന്നപ്പോഴാണ് ഡിവൈഎസ്പി ബാലചന്ദ്രകുമാറിനെ ആദ്യമായി കാണുന്നതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഗൂഢാലോചനയ്ക്കു സാക്ഷിയുണ്ട് എന്ന പ്രത്യേകത ഈ കേസിനുണ്ട്. ബാലചന്ദ്ര കുമാറിന്റെ മൊഴി ശക്തമായ തെളിവാണ്. പറഞ്ഞതു സാധൂകരിക്കുന്ന ഓഡിയോ ബാലചന്ദ്രകുമാര്‍ കൈമാറിയിട്ടുണ്ട്.