വാവ സുരേഷ്/ ഫെയ്സ്ബുക്ക്
വാവ സുരേഷ്/ ഫെയ്സ്ബുക്ക്

വിഷം പൂര്‍ണമായി ഇറങ്ങി; വാവ സുരേഷ് നടന്നു; വെന്റിലേറ്ററില്‍ കിടന്നതിന്റെ ക്ഷീണം മാത്രമെന്ന് ഡോക്ടര്‍മാര്‍

ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് സുരേഷിനെ ഇന്നലെ ഐസിയുവില്‍ നിന്നും തൊട്ടടുത്ത മുറിയിലേക്ക് മാറ്റിയിരുന്നു

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷിന്റെ ശരീരത്തില്‍ നിന്ന് വിഷം പൂര്‍ണമായും മാറിയെന്ന് ഡോക്ടര്‍മാര്‍. സുരേഷ് പൂര്‍ണ ആരോഗ്യവാനായി. വെന്റിലേറ്ററില്‍ കിടന്നതിന്റെ ക്ഷീണം മാത്രമാണ് സുരേഷിന് ഇപ്പോഴുള്ളതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

പാമ്പിന്റെ കടിയിലുണ്ടായ മുറിവുണങ്ങാന്‍ മാത്രമാണ് സുരേഷിന് മരുന്ന് നല്‍കുന്നത്. ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായി ഇദ്ദേഹം നടന്നു. സാധാരണഗതിയില്‍ ഭക്ഷണം കഴിക്കുന്നതായും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ ചോദ്യത്തിന് സുരേഷ് കൃത്യമായി മറുപടി നല്‍കിയത് തലച്ചോറിലേക്കുള്ള രക്തഓട്ടം സാധാരണ നിലയിലായതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.  

ഓര്‍മ്മശക്തിയും സംസാരശേഷിയും പൂര്‍ണ്ണമായും വീണ്ടെടുത്തു. ഡോക്ടര്‍മാര്‍ പേര് ചോദിച്ചപ്പോള്‍, ഞാന്‍ സുരേഷ്, വാവ സുരേഷ് എന്ന് മറുപടി നല്‍കിയിരുന്നു.  ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് സുരേഷിനെ ഇന്നലെ ഐസിയുവില്‍ നിന്നും തൊട്ടടുത്ത മുറിയിലേക്ക് മാറ്റിയിരുന്നു. 

കോട്ടയം കുറിച്ചിയില്‍ വച്ച് മൂര്‍ഖന്റെ കടിയേറ്റതിനെ തുടര്‍ന്നു തിങ്കളാഴ്ചയാണ് സുരേഷിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. 

ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന ആറംഗ വിദഗ്ദ്ധ സംഘമാണ് വാവ സുരേഷിന്റെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com