ശബ്ദസാംപിളുകള്‍ നല്‍കി; മാധ്യമങ്ങളോട് പ്രതികരിക്കാതെ ദിലീപ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2022 03:43 PM  |  

Last Updated: 08th February 2022 03:43 PM  |   A+A-   |  

DILEEP

ശബ്ദപരിശേധനയ്ക്ക് ശേഷം ദീലീപ് മടങ്ങുന്നു

 

കൊച്ചി: വധഗൂഡാലോചന കേസില്‍ ശബ്ദസാംപിളുകളുടെ പരിശോധനക്കായി ദിലീപും മറ്റ് കൂട്ടുപ്രതികളും കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തി. ദിലീപ്, അനൂപ്, സുരാജ് എന്നിവര്‍ ശബ്ദ സാമ്പിളുകള്‍ നല്‍കുന്നതിനായി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തിയത്. സുരാജിന്റെ ശബ്ദസാംപിളുകളാണ് ആദ്യം ശേഖരിക്കുന്നത്. അതേസമയം കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. 

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശബ്ദസാംപിളുകള്‍ ശേഖരിക്കുന്നത്. ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദസാംപിളുകള്‍ ദിലീപിന്റേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണ് ശബ്ദസാംപിളുകള്‍ പരിശോധിക്കുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ശേഖരിക്കുന്ന സാംപിളുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയക്കും.

അതേസമയം, വധഗൂഡാലോചന കേസ് തെളിയിക്കുന്നതിനായി മതിയായ തെളിവുകളില്ലെന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി പരാമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപ് കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചത്.