അനാവശ്യമായി മോണോ ക്ലോണല്‍ ആന്റിബോഡി ചികിത്സ നടത്തരുത്; സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ സമാന നിയന്ത്രണം പിന്‍വലിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് രോഗികള്‍ക്ക് അനാവശ്യമായി മോണോ ക്ലോണല്‍ ആന്റി ബോഡി ചികിത്സ നടത്തുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 
ചില സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്ക് അനാവശ്യമായി മോണോ ക്ലോണല്‍ ആന്റി ബോഡി ചികിത്സ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ സമാന നിയന്ത്രണം പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

സ്‌കൂളുകളില്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. ഈ മാസം 28 മുതല്‍ ക്ലാസുകള്‍ സാധാരണ നിലയില്‍ വൈകിട്ടു വരെയാക്കും. പരീക്ഷയ്ക്കു മുമ്പായി പാഠഭാഗങ്ങള്‍ എടുത്തു തീര്‍ക്കുന്നതു ലക്ഷ്യമിട്ടാണ് നടപടി. ഇതിനായി തയാറെടുപ്പു നടത്താന്‍ യോഗം വിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കി. ക്ലാസുകള്‍ പുനരാരംഭിക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് വിശദമായ മാര്‍ഗനിര്‍ദേശം പുറത്തിറക്കും.

ഫെബ്രുവരി നാലിലെ വര്‍ഗ്ഗീകരണം അനുസരിച്ച് ജില്ലകളിലെ നിയന്ത്രണങ്ങള്‍ തുടരും. ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വെണ്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല തുടങ്ങിയ ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കുന്ന കാര്യം പരിശോധിക്കും. വടക്കേ മലബാറില്‍ ഉത്സവങ്ങള്‍ നടക്കുന്ന മാസമാണ് ഫെബ്രുവരി. ഇവിടങ്ങളിലും  ക്രമീകരണങ്ങള്‍ വരുത്തി കൂടുതല്‍ പേരെ പങ്കെടുക്കാന്‍ അനുവദിക്കും. 

കോവിഡാനന്തര രോഗവിവരങ്ങള്‍  രേഖപ്പെടുത്താന്‍ പോസ്റ്റ് കോവിഡ് രജിസ്ട്രി ആരംഭിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിശോധിക്കണം. പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്.  ഇതിന് സംസ്ഥാന തലത്തില്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലകളില്‍ ഡെപ്യൂട്ടി ഡിഎംഒ തലത്തിലും ചുമതല നല്‍കിയിട്ടുണ്ട്. 

ആശുപത്രികളില്‍ പ്രത്യേകിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കോവിഡ് ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ സമയബന്ധിതമായി എത്താത്തത് പലപ്പോഴും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് ഗൗരവമായി പരിഗണിച്ച് പരിഹരിക്കണം. ഗുരുതരാവസ്ഥയിലുള്ളവരെ സീനിയര്‍ ഡോക്ടര്‍മാര്‍ കൂടി പരിശോധിക്കണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഇത് നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com