ഒന്‍പതു വരെ ക്ലാസുകള്‍ക്കു പ്രത്യേക മാര്‍ഗരേഖ; പാഠഭാഗങ്ങള്‍ വേഗം തീര്‍ക്കാന്‍ നടപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2022 01:03 PM  |  

Last Updated: 08th February 2022 01:03 PM  |   A+A-   |  

sivankutty

മന്ത്രി വി ശിവൻകുട്ടി/ഫയല്‍

 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കുന്നതിനു പ്രത്യേക മാര്‍ഗരേഖ ഇറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പത്താം തീയതിക്കു ശേഷം പുതിയ മാര്‍ഗരേഖയിറക്കും. പതിനാലിനാണ് ഈ ക്ലാസുകളില്‍ നേരിട്ടുള്ള പഠനം പുനരാരംഭിക്കുക.

കോവിഡ് രണ്ടാം തരംഗത്തിനുശേഷം സ്‌കൂള്‍ തുറന്നപ്പോള്‍ വിശദമായ മാര്‍ഗരേഖ ഇറക്കിയിരുന്നു. അത് നടപ്പിലാക്കിയതുകൊണ്ടാണ് പരാതിയില്ലാതെ പോകാനായത്. നിലവിലെ മാര്‍ഗരേഖയ്ക്ക പുറമേ  ഒന്‍പതു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി സമഗ്രമായ നിര്‍ദേശങ്ങള്‍ തയാറാക്കുകയാണ്. ഇതിന്റ അടിസ്ഥാനത്തിലായിരിക്കും ക്ലാസ് നടത്തുകയെന്ന് മന്ത്രി അറിയിച്ചു. 

ഹയര്‍സെക്കന്‍ഡറി പരീക്ഷ പരാതിക്കിടയില്ലാതെ നടത്താന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ആയിരത്തില്‍ താഴെ വിദ്യാര്‍ഥികള്‍ക്കാണ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. അവര്‍ക്കായി പ്രത്യേക ക്ലാസ് മുറികള്‍ സജ്ജമാക്കിയിരുന്നെന്ന് മന്ത്രി അറിയിച്ചു.

ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ മെച്ചപ്പെട്ട ഹാജര്‍ നിലയാണുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഹാജര്‍ ഉണ്ടാകും. പരീക്ഷയ്ക്ക് നിശ്ചയിച്ച പാഠഭാഗം പെട്ടെന്നു തീര്‍ക്കാനുള്ള നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു.